തിരുവനന്തപുരം:രാജ്യസുരക്ഷയ്ക്ക് ഭീഷണിയായ തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഏറ്റെടുക്കുന്നതോടെ, കേസിന്റെ ഗതിമാറും.
ഇന്ത്യയുമായി ഉറ്റബന്ധമുള്ള യു.എ.ഇയുടെ നയതന്ത്ര ചാനൽ ദുരുപയോഗിച്ച് കോൺസുലേറ്റിലേക്കുള്ള നയതന്ത്രബാഗിൽ 15കോടിയുടെ 30.25കിലോ സ്വർണം കടത്തിയത് സാമ്പത്തിക തീവ്രവാദമായാണ് കേന്ദ്രം കണക്കാക്കുന്നത്. സ്വർണക്കടത്ത് സ്വന്തം പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കിയെന്നും , നിയമസംവിധാനങ്ങൾ പരസ്യമായി ലംഘിക്കപ്പെട്ടെന്നും യു.എ.ഇ നിലപാടെടുത്തതോടെയാണ് അന്വേഷണം എൻ.ഐ.എയ്ക്ക് വിടാൻ വഴിയൊരുങ്ങിയത്. കസ്റ്റംസിനെപ്പോലെ അധികാരപരിധി പ്രശ്‌നമില്ലാത്തതിനാൽ, എൻ.ഐ.എയ്ക്ക് യു.എ.ഇ പൗരന്മാരെയടക്കം ആ രാജ്യത്തിന്റെ സഹായത്തോടെ പിടികൂടി ഇന്ത്യയിലെത്തിക്കാം. നേരത്തേ കേരളത്തിലെ തീവ്രവാദക്കേസുകളിൽ അഞ്ച് ഗൾഫ് രാജ്യങ്ങളിൽ അന്വേഷണം നടത്തിയ എൻ.ഐ.ഐ, പ്രതികളെ അവിടെ പിടികൂടി നാട്ടിലെത്തിച്ചിരുന്നു.
രാജ്യത്തേക്ക് സ്വർണവും വിദേശത്തേക്ക് കറൻസിയും കടത്തുന്നതാണ് സ്വർണക്കടത്തുകാരുടെ പുതിയ രീതി. ഇന്ത്യൻ കറൻസിയും വിദേശ കറൻസിയും രാജ്യത്തിനു പുറത്തേക്ക് കടത്താൻ ശ്രമിക്കുന്നത് രാജ്യദ്രോഹക്കുറ്റമാണ്. 15കോടിയിലേറെ വിലയുള്ള സ്വർണമാണ് കള്ളക്കടത്ത് നടത്തിയത്. ഇത് വാങ്ങാൻ പണമെവിടെ നിന്ന് ലഭിച്ചെന്നും ഏതുവഴിയാണ് പണം വിദേശത്തെത്തിച്ചതെന്നും ഇതിനായി നയതന്ത്രചാനൽ ദുരുപയോഗിച്ചോയെന്നും എൻ.ഐ.എ അന്വേഷിക്കും.
സ്വർണക്കടത്തിലൂടെ കിട്ടുന്ന പണം തീവ്രവാദത്തിന് ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസിലെ പ്രതിയായിരുന്ന അബ്ദുൾഹാലിം സ്വർണക്കടത്തിന് പിടിയിലായി. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിന് പാകിസ്ഥാന് ബന്ധമുണ്ടെന്ന് ഡി.ആർ.ഐ കണ്ടെത്തിയിരുന്നു. 25 കിലോ സ്വർണക്കടത്തിലെ പ്രതിയാണ് പാകിസ്ഥാൻ പൗരൻ നദീമിന്റെ പങ്കിനെക്കുറിച്ച് വെളിപ്പെടുത്തിയത്. ദുബായിലെ വൻകിട റിയൽഎസ്റ്റേറ്റ് ഏജന്റും കോസ്മെറ്റിക്സ് വ്യാപാരിയുമായ ഇയാൾ വർഷങ്ങളായി ദുബായിൽ നിന്നുള്ള സ്വർണക്കടത്തിന്റെ ആസൂത്രകനാണ്.
വൻതോക്കുകൾ
കുടുങ്ങും
കടത്തിക്കൊണ്ടുവരുന്ന സ്വർണം ആരാണ് വാങ്ങുന്നതെന്നും എവിടെയാണ് വിറ്റഴിക്കപ്പെടുന്നതെന്നും എൻ.ഐ.എ അന്വേഷിക്കും. നാല് വിമാനത്താവളങ്ങളിലൂടെയും സ്വർണക്കടത്ത് നടത്തുന്ന മൂവാറ്റുപുഴ, കാസർകോട്, കോഴിക്കോട്, പെരുമ്പാവൂർ ഗ്യാങ്ങുകളെക്കുറിച്ച് വിശദ അന്വേഷണമുണ്ടാവും. പെരുമ്പാവൂർ, മൂവാറ്റുപുഴ ഗ്യാങ്ങുകൾക്ക് തീവ്രവാദ ബന്ധമുണ്ടെന്നാണ് റവന്യൂ ഇന്റലിജൻസിന്റെ കണ്ടെത്തൽ. പെരുമ്പാവൂരിലെ ലോഹം ഉരുക്ക് കേന്ദ്രത്തിനായി ആക്രി സാധനങ്ങളെന്ന വ്യാജേന വൻതോതിൽ സ്വർണം കടത്തുന്നതും മിശ്രിത രൂപത്തിൽ കടത്തിക്കൊണ്ടുവരുന്ന സ്വർണം നീലേശ്വരത്തെ രഹസ്യകേന്ദ്രത്തിൽ വേർതിരിച്ചെടുക്കുന്നതും എൻ.ഐ.എ അന്വേഷിക്കും. ഒരു വർഷത്തിനിടെ 1000കിലോയിലധികം സ്വർണം ഉരുക്കിയതായാണ് വിവരം.
കേസിൽ പങ്കാളിത്തമുള്ള ഒരാളെ മാപ്പുസാക്ഷിയാക്കി കേസ് ശക്തമാക്കുന്നത് എൻ.ഐ.എയുടെ രീതിയാണ്. ഇതിന് നിയമസാധുതയുമുണ്ട്. ഒരാൾ ഇടപാടുകളെല്ലാം ഏറ്റുപറഞ്ഞ് മാപ്പുസാക്ഷിയായാൽ കേസ് കടുക്കും. കോഴിക്കോട് ഇരട്ടസ്ഫോടനത്തിലടക്കം നിരവധി തീവ്രവാദക്കേസുകളിൽ മാപ്പുസാക്ഷികളുണ്ടായിരുന്നു.