തിരുവനന്തപുരം: ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചീഫ്സെക്രട്ടറി ഡോ. വിശ്വാസ് മേത്ത ക്വാറന്റൈനിൽ പോയി. ചീഫ്സെക്രട്ടറിയുടെ മൂന്ന് ഡ്രൈവർമാരിൽ ഒരാളായ തിരുവനന്തപുരം വട്ടപ്പാറ വേങ്കോട് സ്വദേശിയായ നാല്പതുകാരനാണ് രോഗം സ്ഥിരീകരിച്ചത്.
മുഖ്യമന്ത്രി, മന്ത്രിമാർ, ഗവ. സെക്രട്ടറിമാർ, ഡി.ജി.പി എന്നിവരുമായെല്ലാം അടുത്തിടപഴകുന്ന ചീഫ്സെക്രട്ടറി കൊവിഡ് പ്രാഥമിക സമ്പർക്ക പട്ടികയിലായത് ഭരണസിരാകേന്ദ്രത്തെ ആശങ്കയിലാക്കി. മുഖ്യമന്ത്രി അടക്കമുള്ളവർ രണ്ടാം സമ്പർക്ക പട്ടികയിലാണ് പെടുക. ചീഫ്സെക്രട്ടറിക്ക് ഇന്നലെ കൊവിഡ് പരിശോധന നടത്തിയപ്പോൾ ആദ്യഫലം നെഗറ്രീവാണെന്നാണ് വിവരം. എങ്കിലും ക്വാറന്റൈനിൽ തുടർന്നുകൊണ്ട് തുടർ പരിശോധനകൾ നടത്തി അസുഖമില്ലെന്ന് ഉറപ്പാക്കിയാലേ ഓഫീസിലേക്ക് മടങ്ങാനാകൂ.
ഇതേ വാഹനം ഓടിക്കുന്ന മറ്റ് രണ്ട് ഡ്രവർമാരും ചീഫ്സെക്രട്ടറിക്കൊപ്പം സഞ്ചരിക്കുന്ന രണ്ട് ഗൺമാൻമാരും ക്വാറന്റൈനിൽ പ്രവേശിച്ചിട്ടുണ്ട്. ചീഫ്സെക്രട്ടറിയുടെ കുടുംബാംഗങ്ങളെയും പരിശോധനയ്ക്ക് വിധേയമാക്കി. ട്രിപ്പിൾ ലോക്ക് ഡൗണിൽ സെക്രട്ടേറിയറ്റ് അടച്ചതിനാൽ ചീഫ്സെക്രട്ടറിയുടെ ഓഫീസിൽ അത്യാവശ്യം ഉദ്യോഗസ്ഥരേ എത്തുന്നുള്ളൂ. അവരെയും പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.
തൊണ്ട വേദനയെ തുടർന്നാണ് ഡ്രൈവർക്ക് കൊവിഡ് പരിശോധന നടത്തിയത്. ആദ്യഫലം നെഗറ്റീവായെങ്കിലും പിന്നാലെ പനി വന്നപ്പോൾ വീണ്ടും പരിശോധിച്ചപ്പോഴാണ് ഫലം പോസിറ്റീവായത്. ഈ മാസം നാല് വരെ ഡ്രൈവർ സെക്രട്ടേറിയറ്റിൽ എത്തിയിട്ടുണ്ട്.