തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ 95 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ടു ദിവസത്തിനിടെ ജില്ലയിൽ രോഗം ബാധിച്ചവരുടെ എണ്ണം 159 ആയി.തുടർച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള ജില്ലയായി തലസ്ഥാനം മാറി. പൂന്തുറയിൽ ഇന്നലെ മാത്രം 77 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ സമ്പർക്കത്തിലൂടെയും ഉറവിടമറിയാതെയും രോഗബാധിതരായവരുണ്ട്. പേയാട് മൂന്നു പേർക്ക് രോഗം സ്ഥിരീകരിച്ചു. പൂന്തുറയിലും ആര്യനാട്ടും ഗുരുതര സ്ഥിതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇവിടെ ജനങ്ങൾ പുറത്തിറങ്ങിയാൽ കർശന നടപടി സ്വീകരിക്കുമെന്നും പൂന്തുറയിൽ 500 പൊലീസുകാരെ വിന്യസിച്ചതായും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കൊച്ചുകുട്ടി മുതൽ 80 വയസുവരെയുള്ളവർക്ക് ഇന്നലെ പൂന്തുറയിൽ രോഗം ബാധിച്ചിട്ടുണ്ട്. പട്ടത്ത് കാൻസർ രോഗി ഉൾപ്പെടെ മൂന്നു പേർക്കുണ്ടായ രോഗത്തിന് ഉറവിടം വ്യക്തമല്ല. പേട്ട പൊലീസ് സ്റ്റേഷനിലെ നെടുമങ്ങാട് പനവൂർ സ്വദേശിയായ പൊലീസുകാരനും (45) സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. സ്വകാര്യ ആശുപത്രിയിലെ കടകംപള്ളി സ്വദേശിയായ ഹൗസ് കീപ്പിംഗ് ജീവനക്കാരൻ (38),കടകംപള്ളി സ്വദേശിനി (32), ഒന്നരവയസുകാരി മകൾ,ആശുപത്രി കാന്റീൻ ചെട്ടിക്കുന്ന് സ്വദേശിനി (20) എന്നിവർക്കും സമ്പർക്കം വഴി രോഗമുണ്ടായി. മറ്റ് ജില്ലകളിലുള്ളവരടക്കം തലസ്ഥാനത്ത് ആകെ ചികിത്സയിലുള്ളത് 326 പേരാണ്. ഇന്നലെ ഒമ്പത് പേർ രോഗമുക്തരായി.
ആകെ നിരീക്ഷണത്തിലുള്ളവർ: 21,526
വീടുകളിൽ നിരീക്ഷണത്തിലുള്ളവർ: 19,199
ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ: 373
കൊവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവർ: 1954
ഇന്നലെ നിരീക്ഷണത്തിലായവർ: 679