lock

തിരുവനന്തപുരം:നഗരത്തിൽ കൊവിഡ് വ്യാപനം സങ്കീർണമായതോടെ നിലവിലെ ട്രിപ്പിൾ ലോക്ക് ഡൗൺ വീണ്ടും തുടരാനാണ് സാദ്ധ്യത. തിങ്കളാഴ്ച ആരംഭിച്ച ലോക്ക് ഡൗൺ ഒരാഴ്‌ചക്കാലയളവിലേക്കാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ ദിനംപ്രതി കൊവിഡ് രോഗികൾ കൂടിവരുന്നതിനാൽ ഒരാഴ്ച കൂടി ട്രിപ്പിൾ ലോക്ക് ഡൗൺ നീട്ടിയേക്കും. നഗരത്തിൽ ഉറവിടമറിയാത്ത കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുകയും രോഗം ബാധിച്ച് മരണപ്പെട്ടവരിൽ ചിലരെല്ലാം സമൂഹവ്യാപനത്തിന്റെ ഇരകളാണെന്ന് വ്യക്തമായിട്ടും സംസ്ഥാനത്ത് കമ്മ്യൂണിറ്റി സ്‌പ്രെഡ്‌ ഇല്ലെന്ന നിലപാടിലായിരുന്നു ആരോഗ്യവകുപ്പും സർക്കാരും. ഓരോദിവസവും ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതും ജനങ്ങൾ സാധാരണ നിലയിലേക്ക് നീങ്ങിയതോടെയും കുമരിച്ചന്തയിലെ മത്സ്യമാർക്കറ്റിൽ നിന്നാണ് കമ്മ്യൂണിറ്റി സ്‌പ്രെഡിന് വീണ്ടും തുടക്കമായത്. കാര്യങ്ങൾ നിയന്ത്രണാതീതമായപ്പോഴാണ് കഴിഞ്ഞ ദിവസം കമ്മ്യൂണിറ്റി സ്‌പ്രെഡിനെക്കാൾ ഭയാനകമായ സൂപ്പർ സ്‌പ്രെഡിലേക്ക് തലസ്ഥാന നഗരി എത്തിയെന്ന് മേയറും മുഖ്യമന്ത്രിയുമെല്ലാം സമ്മതിച്ചത്. മൂന്നു ദിവസത്തിനിടെ ജില്ലയിലുണ്ടായ 213 കേസുകളിൽ 190 ഉം സമ്പർക്കം മൂലമാണ്. ഇന്നലെയുണ്ടായ 95 രോഗികളിൽ 88 പേരും പൂന്തുറ നിന്നുള്ളവരാണ്.

പൂന്തുറയിൽ പടർന്നുപിടിച്ച രോഗം മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിക്കാതിരിക്കാൻ വാർഡ് അതിർത്തികൾ അടച്ച് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. വാർഡിലെ ഓരോ പ്രദേശങ്ങളും പ്രത്യേക ക്ലസ്റ്ററുകളായി മാറ്റി രോഗനിയന്ത്രണവും ആരംഭിച്ചിട്ടുണ്ട്.ഈ സാഹചര്യത്തിൽ നഗരത്തിലെ ലോക്ക് ഡൗൺ പിൻവലിച്ച് വീണ്ടും സാധാരണ നിലയിലേക്ക് മാറ്റിയാൽ നഗരത്തിലെ മണക്കാട്, വലിയതുറ, കടകംപള്ളി, പട്ടം മേഖലകളിൽ കണ്ടുതുടങ്ങിയ രോഗം വ്യാപിക്കാൻ കാരണമാകും. ഇതിനാൽ ലോക്ക് ഡൗൺ നീട്ടുക മാത്രമേ ജില്ലാ ഭരണകൂടത്തിന് മുന്നിൽ വഴിയുള്ളൂ.