d

തൃശൂർ: കുടുംബക്ഷേത്രത്തിലെ ചടങ്ങിനിടെ പരസ്യമായി അപമാനിച്ചതിനെത്തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ വെളിച്ചപ്പാടിന്റെ ജാമ്യം റദ്ദാക്കി. മണലൂർ കാരണത്ത് ജോബിന്റെ ഭാര്യ ശ്യാംഭവി ആത്മഹത്യ ചെയ്ത കേസിലാണ് മണലൂർ വടക്കെ കാരമുക്ക് കാരണത്ത് വീട്ടിൽ ശ്രീകാന്തിന്റെ (25) ജാമ്യം തൃശൂർ ജില്ലാ സെഷൻസ് ജഡ്ജ് ഡി. അജിത്കുമാർ റദ്ദാക്കിയത്.

കഴിഞ്ഞ ഫെബ്രുവരി 25ന് കൽപ്പന പറയുന്നതിന്റെ ഇടയിൽ തെറ്റുചെയ്തിട്ടുണ്ടെന്നും മാപ്പു പറയണമെന്നും പറഞ്ഞ് അപമാനിച്ചതിനെ തുടർന്ന് മനോവിഷമത്താൽ ശ്യാംഭവി രാത്രിയിൽ തൂങ്ങിമരിച്ചുവെന്നാണ് പ്രോസിക്യൂഷൻ കേസ്. ശ്രീകാന്തിനെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ജാമ്യം നൽകിയ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ കെ.ഡി. ബാബു മുഖേന പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയിൽ ഹർജി നൽകിയിരുന്നു.

കുറ്റകൃത്യത്തിന്റെ ഗൗരവം ഉൾക്കൊള്ളാതെയുമാണ് ജാമ്യം കൊടുത്തതെന്നും ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾക്ക് ജാമ്യം നൽകുമ്പോൾ പരിഗണിക്കേണ്ട സംഗതികളൊന്നും കീഴ്‌ക്കോടതി പരിഗണിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കിയത്. ഏഴ് ദിവസത്തിനകം പ്രതിയോട് മജിസ്‌ട്രേറ്റ് കോടതിയിൽ കീഴടങ്ങാനും നിർദ്ദേശിച്ചിട്ടുണ്ട്.