e

കാസർകോട്: ഒരു വർഷത്തോളമായി 28 കാരിയായ ഭർതൃമതിയെയും നാലു മാസം പ്രായമുള്ള മകളെയും പീഡിപ്പിച്ച പ്രതിയെ പോലീസ് സാഹസികമായി അറസ്റ്റു ചെയ്തു. കുമ്പള ആരിക്കാടിയിലെ അബ്ദുൽ കരീമിനെ (42)യാണ് കുമ്പള ഇൻസ്‌പെക്ടർ പ്രമോദും സംഘവും അറസ്റ്റു ചെയ്തത്.

കഴിഞ്ഞ വർഷം ജൂലായ് രണ്ടാം വാരത്തിലാണ് ഭർതൃമതിയെ അകന്ന ബന്ധത്തിൽപെട്ട അബ്ദുൽ കരീം ഭർതൃവീട്ടിൽ വെച്ച് പീഡിപ്പിച്ചത്. പിന്നീട് ഭീഷണിപ്പെടുത്തി ഒരു വർഷത്തോളമായി പീഡനം തുടരുകയായിരുന്നു. യുവതിയുടെ ഭർത്താവ് ഗൾഫിലായിരുന്നു. നാട്ടിലെത്തിയ ഭർത്താവ് മാനസികമായും ശാരീരികമായും തളർന്ന ഭാര്യയോട് കാര്യങ്ങളന്വേഷിച്ചപ്പോഴാണ് ബന്ധുവായ അബ്ദുൽ കരീം നടത്തിയിരുന്ന കൊടിയപീഡനങ്ങൾ വിവരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇയാൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇവരുടെ നാലു മാസം പ്രായമുള്ള പെൺകുഞ്ഞിനെ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ ഇരട്ട എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

ഭർതൃമതിയെ പീഡിപ്പിച്ചതിന് വിവിധ വകുപ്പുകൾ അനുസരിച്ചും കുഞ്ഞിനെ ഉപദ്രവിച്ചതിന് പോക്‌സോ അനുസരിച്ചുമാണ് പൊലീസ് കേസെടുത്തത്. പീഡനത്തെ തുടർന്ന് മാനസികമായി തളർന്ന യുവതിക്കും ഭർത്താവിനും പൊലീസിന്റെ നിർദേശ പ്രകാരം കൗൺസിലിംഗ് നൽകിയാണ് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ഫെബ്രുവരി മുതൽ ഒളിവിലായിരുന്ന കരീം കഴിഞ്ഞ ദിവസം നാട്ടിൽ എത്തിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സാഹസികമായാണ് പ്രതിയെ കീഴടക്കിയത്. കർണാടക സ്വദേശിനിയാണ് പീഡനത്തിനിരയായ യുവതി. നാലു വർഷം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. ഇവർക്ക് രണ്ട് ആൺമക്കളും ഒന്നര വയസുള്ള പെൺകുഞ്ഞുമാണുള്ളത്.