covid-19

തിരുവനന്തപുരം : കൊവിഡ് വ്യാപനം സൂപ്പർ സ്‌പ്രെഡിലേക്ക് പോയ പൂന്തുറ ഉൾപ്പെടെയുള്ള പ്രദേശങ്ങളെ പ്രത്യേകം ക്ലസ്റ്ററുകളായി തിരിച്ച് പരിശോധന ആരംഭിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

ക്ലസ്റ്റർ ഒന്നിൽ കണ്ടെയ്ൻമെൻറ് സോണിലെ ആരോഗ്യ പ്രവർത്തകരാണുള്ളത്. രണ്ടിൽ സമൂഹവുമായി അടുത്തിടപഴകുന്ന തദ്ദേശ മെമ്പർമാർ, വോളണ്ടിയർമാർ, ഭക്ഷണ വിതരണക്കാർ, കച്ചവടക്കാർ, പൊലീസുകാർ, മാദ്ധ്യമ പ്രവർത്തകർ, ഡ്രൈവർമാർ, ഇന്ധന പമ്പ് ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ, ബാങ്ക്, ഓഫീസ് ജീവനക്കാർ എന്നിവർ. മൂന്നിൽ ഗർഭിണികൾ, പ്രസവം കഴിഞ്ഞ അമ്മമാർ, വയോജനങ്ങൾ, ഗുരുതര രോഗമുള്ളവർ, 10 വയസിന് താഴെയുള്ള കുട്ടികൾ എന്നിവർ. ക്ലസ്റ്റർ നാലിൽ അതിഥി തൊഴിലാളികൾക്ക് ആൻറിബോഡി പരിശോധനയാണ്. ക്ലസ്റ്റർ അഞ്ചിൽ രോഗം സ്ഥിരീകരിച്ചവരുടെ സമീപ പ്രദേശങ്ങളിലുള്ളവർക്ക് റാപ്പിഡ് ആൻറിജൻ പരിശോധന നടത്തും.

കമാന്റോകളും മുതിർന്ന ഓഫീസർമാരും ഉൾപ്പെടെ 500 പൊലീസുകാരെയാണ് പൂന്തുറയിൽ മാത്രം വിന്യസിച്ചിരിക്കുന്നത്. മത്സ്യബന്ധന ബോട്ടുകൾ കടലിലൂടെ തമിഴ്‌നാട്ടിലേയ്ക്ക് പോകുന്നതും വരുന്നതും തടയും.. അതിർത്തിക്കപ്പുറത്ത് നിന്ന് വരുന്നവർക്കായി ആശുപത്രികളിൽ പ്രത്യേകം ഒ.പി തുടങ്ങും. കിടത്തി ചികിത്സയ്ക്കുള്ള സൗകര്യവുമൊരുക്കും.