തിരുവനന്തപുരം: യു.എ.ഇയുടെ തിരുവനന്തപുരത്തെ കോൺസലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജിൽ 30.25കിലോഗ്രാം സ്വർണം കടത്തിയതിന് കസ്റ്റംസ് തെരയുന്ന സ്വപ്‌ന സുരേഷ് ഒളിവിൽ തുടരുകയാണെങ്കിലും കീഴടങ്ങുമെന്നാണ് സൂചന.
ഇന്നലെ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. ജാമ്യം കിട്ടാനിടയില്ലെന്ന് നിയമവിദഗ്ദ്ധർ പറയുന്നു. ജാമ്യാപേക്ഷ കോടതി പരിഗണിച്ചശേഷം കസ്റ്റംസിനു മുമ്പാകെ കീഴടങ്ങുമെന്നാണ് സൂചന. പിടികൂടാൻ കസ്റ്റംസ് പരിശോധന തുടരുകയാണ്.
തലസ്ഥാനത്തെ ഹോട്ടലുകളിലടക്കം തെരച്ചിൽ നടത്തിയിരുന്നു. സന്ദീപ് നായരും ഒപ്പമുണ്ടെന്നാണ് അഭ്യൂഹം.
വഴി ചോദിച്ചെന്ന് ദൃക്സാക്ഷി
അതേസമയം, സ്വപ്നയെ നെടുമങ്ങാട് പാലോട് കണ്ടതായും ബ്രൈമൂർ ഭാഗത്തേക്ക് വഴി ചോദിച്ചതായും നന്ദിയോട് സ്വദേശി ചാനലുകളോട് വെളിപ്പെടുത്തിയിരുന്നു. കാർ കടന്നുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കാൻ ബ്രൈമൂർ എസ്റ്റേറ്റിലെ ലായങ്ങളിലും റിസോർട്ടകളിലും സംസ്ഥാന പൊലീസ് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അതിർത്തി ചെക്ക് പോസ്റ്റ് ലോക്ക് ഡൗൺ കാരണം അടച്ചിട്ടതിനാൽ അതുവഴി പോയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
അഞ്ച് ദിവസമായി സ്വപ്നയ്ക്കായി തെരച്ചിൽ നടക്കുകയാണ്. ഇന്റലിജൻസ് ബ്യൂറോയുടെയും സി.ബി.ഐയുടെയും സഹായത്തോടെയാണ് അന്വേഷണ സംഘം തിരയുന്നത്. കസ്റ്റംസിന്റെ രണ്ട് സംഘങ്ങൾ തിരുവനന്തപുരത്തും മറ്റു സ്ഥലങ്ങളിലും തിരച്ചിൽ നടത്തിയിരുന്നു.