തിരുവനന്തപുരം: സ്വർണക്കടത്ത് വിവാദം പൂർണ്ണമായി മുഖ്യമന്ത്രിയെ ഉന്നംവച്ച് രാഷ്ട്രീയായുധമാക്കാൻ പ്രതിപക്ഷം കരുക്കൾ നീക്കുമ്പോൾ, വഴുതി മാറാനുള്ള രാഷ്ട്രീയവഴികൾ സജീവമാക്കുകയാണ് ഇടതുപക്ഷവും സർക്കാരും. സ്വർണക്കടത്തുമായി ബന്ധപ്പെട്ട സർവതലങ്ങളിലും സമഗ്രാന്വേഷണം ആവശ്യപ്പെട്ട സി.പി.എമ്മും സി.പി. ഐയും അതുവഴി സർക്കാരിന്റെയും ഇടതുപക്ഷത്തിന്റെയും കരങ്ങൾ ശുദ്ധമാണെന്ന് സ്ഥാപിച്ചെടുക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ, ഇന്ന് കെ.പി.സി.സിയുടെ രാഷ്ട്രീയകാര്യസമിതി അടിയന്തരമായി വിളിച്ചുചേർത്തതും തിങ്കളാഴ്ച യു.ഡി.എഫ് യോഗം നിശ്ചയിച്ചതും ആക്രമണത്തിന് ശക്തി കൂട്ടാനാണ്.
മുഖ്യമന്ത്രിയുടെ സെക്രട്ടറി കരുവായതാണ് പ്രതിപക്ഷത്തിന് രാഷ്ട്രീയബലം കൂട്ടിയത്. മുഖ്യമന്ത്രിയുടെ ഓഫീസിനെ സംശയനിഴലിൽപ്പെടുത്തുന്നതോടെ കഴിഞ്ഞ ഭരണകാലത്തെ സോളാർവിവാദത്തിന്റെ കരിനിഴലിൽ നിന്ന് പുറത്തുകടക്കാനും കഴിയുമെന്നും അവർ കരുതുന്നു.സോളാറിൽ യു.ഡി. എഫിനുണ്ടായതുപോലുള്ള രാഷ്ട്രീയതിരിച്ചടിയെ പ്രതിരോധിക്കാനാണ് എൽ.ഡി.എഫ് ശ്രമം.
ക്രൈംബ്രാഞ്ചിന്റെ കേസിലുൾപ്പെട്ട യുവതിക്കെങ്ങനെ ഐ.ടി വകുപ്പിന് കീഴിലെ പ്രോജക്ടിൽ നിയമനം കിട്ടിയെന്നതും കസ്റ്റംസ് തിരയുന്ന യുവതിക്കെങ്ങനെ മാദ്ധ്യമങ്ങളോട് പ്രതികരിക്കാനായിയെന്നതും പ്രതിപക്ഷം ആയുധമാക്കുകയാണ്.
കേസന്വേഷണം എൻ.ഐ.എയ്ക്ക് വിട്ടത് കേരളത്തിലേക്കുള്ള സ്വർണ്ണക്കടത്ത് ചങ്ങലകൾ പൊട്ടിക്കാൻ ലക്ഷ്യമിട്ടെന്ന് കരുതണം. ആ ചങ്ങലയിൽ ആരൊക്കെ കണ്ണികളാക്കപ്പെടുമെന്നതാണ് ആകാംക്ഷയോടെ കേരളം നോക്കുന്നത്. അതേസമയം, ബി.എം.എസുമായി ബന്ധമുണ്ടെന്ന് പറയുന്ന ട്രേഡ് യൂണിയൻ നേതാവിനെതിരെ സ്വർണക്കടത്ത് കേസിൽ ആരോപണമുയരുന്നത് സംസ്ഥാന ബി.ജെ.പിയെ പ്രതിരോധത്തിലാക്കുന്നതുമാണ്. വരുംനാളുകളിൽ സ്വർണത്തിന്റെ രാഷ്ട്രീയം എങ്ങനെയൊക്കെ മാറിമറിയുമെന്ന് കണ്ടറിയണം.