തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യആസൂത്രകയെന്ന് കരുതുന്ന സ്വപ്ന സുരേഷുമായി ബന്ധമുണ്ടായിരുന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ എം ശിവശങ്കറിന്റെ മൊഴി കസ്റ്റംസ് രേഖപ്പെടുത്തും. ശിവശങ്കർ അടുത്ത കാലത്ത് നടത്തിയ യാത്രകൾ പരിശോധിക്കും. സ്വർണക്കടത്തുമായി ശിവശങ്കറിന് ബന്ധമുണ്ടെന്ന് കസ്റ്റംസ് കരുതുന്നില്ല. ശിവശങ്കറിന്റെ സ്വാധീനം കള്ളക്കടത്തിൽ സ്വപ്ന ഉപയോഗിച്ചോ എന്നാണ് അറിയേണ്ടത്. വിമാനത്താവളത്തിലെത്തിയ സ്വർണം ഇടനിലക്കാരിലൂടെയാണ് മറ്റ് ഇടങ്ങളിലേക്ക് കൊണ്ടുപോയിരുന്നത്. ഇതിന് സർക്കാർ വാഹനങ്ങൾ ഉപയോഗിച്ചെന്ന സംശയം കസ്റ്റംസിനുണ്ട്. അതിനാലാണ് സർക്കാർ ബന്ധങ്ങളെല്ലാം കസ്റ്റംസ് അന്വേഷിക്കുന്നത്.