cbi

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച എൻ.ഐ.എ അന്വേഷണം കൊണ്ട് മാത്രം കാര്യമില്ലെന്നും, മുഖ്യമന്ത്രിയുടെ ഓഫീസും ആരോപണ നിഴലിലായതിനാൽ അതിനൊപ്പം സി.ബി.ഐയും റോയും (റിസർച്ച് ആൻഡ് അനാലിസിസ് വിംഗ്)​ കൂടിച്ചേർന്നുള്ള സംയുക്ത അന്വേഷണം വേണമെന്നും കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി യോഗം ആവശ്യപ്പെട്ടു. ഇതുന്നയിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ചേർന്ന് പ്രധാനമന്ത്രിക്ക് കത്ത് നൽകും.

സത്യസന്ധത തരിമ്പെങ്കിലും ബാക്കിയുണ്ടെങ്കിൽ അടിയന്തര മന്ത്രിസഭായോഗം ചേർന്ന് സി.ബി.ഐ അന്വേഷണത്തിന് കേന്ദ്രത്തോട് ആവശ്യപ്പെടാനുള്ള ആർജ്ജവം മുഖ്യമന്ത്രി കാട്ടണമെന്ന് യോഗത്തിന് ശേഷം മുല്ലപ്പള്ളിയും, ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും സംയുക്ത വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് സർവീസ് ചട്ടത്തിന് വിരുദ്ധമായി പ്രവർത്തിച്ച പ്രിൻസിപ്പൽ സെക്രട്ടറിയെ സസ്പെൻഡ് ചെയ്ത്, അറസ്റ്റ് ചെയ്യണം. കള്ളക്കടത്ത് കേസിൽ പങ്കാളിയായ സ്ത്രീയുമായി ബന്ധമുള്ളയാളാണിദ്ദേഹം. മുഖ്യമന്ത്രിയുടെ സകല രഹസ്യങ്ങളുടെയും സൂക്ഷിപ്പുകാരനായ ശിവശങ്കറിൽ നിന്ന് അതെല്ലാം പുറത്തുവരുമെന്നതിനാലാണ് സംരക്ഷിക്കുന്നത്. മുഖ്യമന്ത്രിയുടെ രാജിയല്ലാതെ മറ്റൊന്നും കരണീയമല്ല.

സ്വർണ്ണക്കടത്ത് കേസിലെ തീവ്രവാദ വശം മാത്രമാണ് എൻ.ഐ.എയ്ക്ക് അന്വേഷിക്കാനാവുക. അഴിമതി കണ്ടെത്താൻ സി.ബി.ഐ വേണം. വൻസ്രാവുകൾ വലയ്ക്ക് പുറത്തായതിനാൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ അന്വേഷണപരിധിയിൽ കൊണ്ടുവരണം. മുഖ്യമന്ത്രിയെയും കൂട്ടാളികളെയും രക്ഷിക്കാനുള്ള ബി.ജെ.പിയുടെ ശ്രമത്തിന്റെ ഭാഗമാണ് എൻ.ഐ.എ അന്വേഷണത്തിന് മാത്രമുള്ള തീരുമാനം. കേസിന്റെ ദിശ തിരിച്ചുവിടാനും കോൺഗ്രസിനെ കരിവാരിത്തേയ്ക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് എ.ഐ.സി.സി സംഘടനാ ജനറൽസെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ ബി.ജെ.പി നേതാവ് നടത്തിയ ആരോപണം. അതുസംബന്ധിച്ച് എന്തെങ്കിലും തെളിവുണ്ടെങ്കിൽ പുറത്തുവിടണം.

കൊവിഡ് കാലത്ത് രാജ്യസുരക്ഷ അപകടത്തിലാക്കുന്ന സ്പ്രിൻക്ലർ തുടങ്ങിയ ഇടപാടുകളിൽ അവസാനത്തേതാണ് സ്വർണ്ണക്കടത്ത്. ഇതിൽ പങ്കാളിയായ സ്ത്രീക്ക് സ്വന്തം വകുപ്പിന് കീഴിലെ സ്പേസ് പാർക്കിൽ നിയമനം നൽകിയത് അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞാലത് നാണക്കേടാണ്. മന്ത്രിമാരുമായും ഉന്നതോദ്യോഗസ്ഥരുമായും അടുത്ത ബന്ധമുള്ള സ്ത്രീയെ ഒളിപ്പിക്കാതെ നിയമത്തിന് മുന്നിലെത്തിക്കണം. സർക്കാരിനെ രക്ഷിക്കാൻ അവരുടെ ശബ്ദരേഖ പൊലീസ് പടച്ചുണ്ടാക്കിയതാണ്. പരസ്പര സഹായത്തോടെ പ്രവർത്തിച്ചതിനാലാണ് ശബ്ദരേഖയിൽ അവർ സർക്കാരിനെ പിന്തുണച്ചത്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് 14ന് ജില്ലാ കേന്ദ്രങ്ങളിൽ സമരം നടത്താൻ തീരുമാനിച്ചതായും നേതാക്കൾ പറഞ്ഞു.