1

പൂവാർ: കൊവിഡും ലോക്ക് ഡൗണും കാരണം പൂവാർ പൊഴിക്കരയിലെ ബോട്ട് സർവീസുകൾ ലോക്കിലായിട്ട് നാലുമാസത്തോളമാകുന്നു. റിസോർട്ടുകൾ, ബോട്ട് ക്ലബുകൾ, ഹോട്ടലുകൾ, സ്വകാര്യ വ്യക്തികൾ തുടങ്ങിയവരുടെ ഉടമസ്ഥതയിൽ സർവീസ് നടത്തിയിരുന്ന നൂറു കണക്കിന് ബോട്ടുകളാണ് ഇന്ന് കായലോരങ്ങളിൽ തളയ്ക്കപ്പെട്ടിരിക്കുന്നത്. പൂവാറിലെത്തുന്ന ടൂറിസ്റ്റുകളുടെ പ്രധാന വിനോദം ബോട്ട് സവാരിയാണ്. കുറഞ്ഞനിരക്കിൽ കൂടുതൽ സമയം ബോട്ട് സവാരിയും സ്വാദിഷ്ടമായ മത്സ്യ വിഭവങ്ങളും താമസ സൗകര്യവും ഇവിടെ കിട്ടുമെന്നതിനാൽ നിരവധി സഞ്ചാരികളാണ് ഇവിടെയെത്തിയിരുന്നത്. ഈ ടൂറിസ്റ്റുകളെ ആശ്രയിച്ച് ഉപജീവനം കഴിക്കുന്നവർ ഏകദേശം 1000 ത്തോളം വരും. ഇവിടത്തെ ബോട്ടുക്ലബുകൾക്കെല്ലാം കൂടി 200 ഓളം ബോട്ടുകളുണ്ട്. കൂടാതെ 12 റിസോർട്ടുകൾക്കായുള്ള 125 ഓളം ബോട്ടുകളിലും, സ്വകാര്യ വ്യക്തികളുടെ 80 ഓളം വരുന്ന ബോട്ടുകളിലുമായി ജോലി ചെയ്തിരുന്നവരാണ് ഇന്ന് പ്രതിസന്ധിയിലായിരിക്കുന്നത്. ഈ മേഖലയിലെ ഡ്രൈവർ, ഹെൽപ്പർ, മാർക്കറ്റിംഗ് സ്റ്റാഫുകൾ, വർക്ക്ഷോപ്പ് ജീവനക്കാർ തുടങ്ങിയവർ തൊഴിൽ നഷ്ടപ്പെട്ട് ആത്മഹത്യയുടെ വക്കിലാണ്. മറ്റൊരു തൊഴിൽ തേടി പോകാനോ, കണ്ടെത്താനോ ഇതുവരെയും ഇവർക്ക് കഴിഞ്ഞിട്ടില്ല. കുടുംബങ്ങൾ പട്ടിണിയിലാണെന്നും ആളോഹരി റേഷൻ അല്ലാതെ സർക്കാരിന്റെയോ മറ്റ് ഏജൻസികളുടെയോ യാതൊരു ആനുകൂല്യവും ലഭിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.

ലോണെടുത്ത് വാങ്ങിയ ബോട്ടുകൾ

ബഹുഭൂരിപക്ഷം വരുന്ന ബോട്ടുകളും കിടപ്പാടം പണയപ്പെടുത്തിയും മറ്റ് ജാമ്യങ്ങൾ നൽകിയുമാണ് വാങ്ങിയിട്ടുള്ളത്. പലരുടെയും ബാങ്ക് ലോണിന്റെ അടവ് മുടങ്ങിയിട്ടുണ്ട്. മാസങ്ങളായി ഒതുക്കിയിട്ടിരിക്കുന്നതിനാൽ ബോട്ടുകൾ പലതും കേടായി തുടങ്ങി. സർവീസ് പുനരാരംഭിക്കാനുള്ള സാഹചര്യമുണ്ടായാൽ പോലും ഇതിൽ പകുതി ബോട്ടുകളേ പ്രവർത്തിപ്പിക്കാൻ കഴിയുകയുള്ളൂവെന്നും ബോട്ടുടമകളും ജീവനക്കാരും പറയുന്നു. അതിനാൽ കിടപ്പാടം നഷ്ടപ്പെട്ട് തങ്ങളുടെ കുടുംബം തെരുവിലാകുമെന്നും അവർ ഭയപ്പെടുന്നു.

പലവിധ പ്രശ്നങ്ങൾ

ബോട്ടുകൾ സാമൂഹ്യവിരുദ്ധർ താവളമാക്കുന്നു

 ലൈഫ് ജാക്കറ്റ് അടക്കമുള്ള സുരക്ഷാ ഉപകരണങ്ങൾ മോഷണം പോകുന്നു

പ്രൈവറ്റ് ഫിനാൻസ് ഏജന്റുമാർ ലോൺ തിരിച്ചടവിനായി വീട്ടിലെത്തുന്നു

ഇവിടെയുള്ള ബോട്ട് ക്ലബുകൾ - 22

തൊ​ഴി​ൽ​ ​ന​ഷ്ട​പ്പെ​ട്ട​ ​ബോ​ട്ട് ​ജീ​വ​ന​ക്കാ​‌​ർ​ക്കും ബോട്ടുടമകൾക്കും ​നി​ല​നി​ല്പി​ന് ​ആ​വ​ശ്യ​മാ​യ​ ​അ​ടി​യ​ന്ത​ര​ ​സ​ഹാ​യം​ ​ഉ​റ​പ്പു​വ​രു​ത്ത​ണം.
ജസ്റ്റിൻ ശാന്തി (പ്രസിഡന്റ്)​,​ ഷൈജു (സെക്രട്ടറി)​
പൂവാർ ബാക്ക് വാട്ടർ ബോട്ട് ഒാണേഴ്സ് അസോസിയേഷൻ​