plastic

വെള്ളറട: സംസ്ഥാനത്ത് പ്ളാസ്റ്രിക് കാരിബാഗുകൾക്കുള്ള നിരോധനം ശക്തമായി തുടരുമ്പോഴും അതിർത്തി ഗ്രാമങ്ങളിൽ ഇവയുടെ വിപണനവും ഉപയോഗവും തകൃതി. തമിഴ്നാട്ടിൽ ഇത്തരം ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനവും വിപണനവും തടഞ്ഞിട്ടുണ്ടെങ്കിലും രഹസ്യമായി ഇവ കേരളത്തിൽ എത്തിക്കുന്ന സംഘങ്ങൾ സജീവമാണ്. ഇത്തരക്കാരാണ് മലയോര മേഖലയെ പ്ളാസ്റ്റിക് കൂമ്പാരമാക്കുന്നതിന് പിന്നിലെ പ്രധാനികൾ.

മിക്ക പഞ്ചായത്തുകളിലും നിരോധനം സംബന്ധിച്ച് നടത്തിയ ഉത്തരവുകളും ബോധവത്കരണ സെമിനാറുകളും പാഴായെന്നാണ് അനുഭവം തെളിയിക്കുന്നത്.

മാർക്കറ്റുകളിൽ ഇപ്പോഴും പ്ളാസ്റ്റിക് കാരിബാഗുകളുടെയും മറ്റ് ഉൽപ്പന്നങ്ങളുടെയും കച്ചവടം പൊടിപൊടിക്കുന്നുണ്ട് ഹോട്ടലുകളിലും

പ്ളാസ്റ്റിക് കവറുകളിലും പ്ളാസ്റ്റിക് പേപ്പറുകളിലുമാണ് ചൂടുള്ള ഭക്ഷണം പാഴ്സൽ ചെയ്ത് നൽകുന്നത്. ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ് ഇത് സൃഷ്ടിക്കുന്നതെന്നറിഞ്ഞിട്ടും ഇവ ഉപയോഗിക്കാൻ ജനങ്ങളും മടിക്കുന്നില്ല.

മാലിന്യ നിക്ഷേപവും തകൃതി

സാധനങ്ങൾ വാങ്ങുന്ന കാരിബാഗുകളും ഭക്ഷണ സാധനങ്ങൾ പൊതിഞ്ഞെത്തിക്കുന്ന പ്ളാസ്റ്റിക് ഷീറ്റുകളും വലിച്ചെറിയുന്നതും വ്യാപക പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പല സ്ഥലങ്ങളിലും ഇവയുടെ കൂമ്പാരമാണ് കാണാൻ സാധിക്കുന്നത്. രാത്രി കാലങ്ങളിൽ ദൂരസ്ഥലങ്ങളിൽ നിന്നുപോലും ഗ്രാമങ്ങളിലെ റോഡരികിൽ വ്യാപകമായി മാലിന്യം കൊണ്ടുവന്ന് തള്ളാറുണ്ട്. ഇവയിലെ ഭക്ഷണാവശിഷ്ടങ്ങളിൽ നിന്ന് ആഹാരം തേടിയെത്തുന്നതെരുവുനായ്ക്കളും ഭീഷണി വർദ്ധിപ്പിക്കുന്നു. പരിശോധനകളും ബോധവത്കരണവും ശക്തമാക്കിയാലേ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കൂ.

നിരോധനം ഇങ്ങനെ

11 ഇനം പ്ളാസ്റ്റിക് ഉൽപ്പന്നങ്ങളാണ് ജനുവരി മുതൽ സംസ്ഥാനത്ത് നിരോധിച്ചത്. പ്ളാസ്റ്റിക് കാരിബാഗുകൾ, മേശയിൽ വിരിക്കുന്ന പ്ളാസ്റ്റിക് ഷീറ്റ്, തെർമോക്കോൾ, സ്റ്റെറോഫോം ഉപയോഗിച്ചുള്ള പ്ളേറ്റുകൾ, കപ്പുകൾ, അലങ്കാര വസ്തുക്കൾ, ഒറ്റത്തവണ ഉപയോഗമുള്ള കപ്പുകൾ, പ്ളേറ്റുകൾ സ്പൂണുകൾ, ഫോർക്കുകൾ, സ്ട്രോൾ, ഡിഷുകൾ, സ്റ്രിറർ, പ്ലാറ്റിക് കോട്ടിംഗുള്ള പേപ്പർ കപ്പുകൾ, പ്ളേറ്റുകൾ, പേപ്പർ ബൗൾ, കോട്ടിംഗുള്ള പേപ്പർ ബാഗുകൾ, നോൺ വൂവൺ ബാഗുകൾ, പ്ളാസ്റ്രിക് കൊടികൾ, പ്ളാസ്റ്റിക് ബണ്ടിംഗ്, പ്ളാസ്റ്റിക് കുടിവെള്ള പൗച്ചുകൾ, ബ്രാൻഡഡ് അല്ലാത്ത ജൂസ് പാക്കറുകൾ, 500 എം.എല്ലിന് താഴെയുള്ള പെറ്റ് ബോട്ടിലുകൾ, പ്ളാസ്റ്റിക് ഗാർബേജ് ബാഗ്, പി.വി.സി ഫ്ലക്സ് ഉൽപ്പനങ്ങൾ എന്നിവയ്ക്കാണ് നിരോധനം വന്നത്.

ആദ്യ നിയമലംഘനത്തിന് 10000 രൂപ പിഴ

രണ്ടാം തവണ: 25000 രൂപ

മൂന്നാം തവണ: 50000 രൂപ