നിയമങ്ങൾ ജനങ്ങളെ സഹായിക്കാൻ വേണ്ടിയുള്ളതാകണമെന്നാണ് പൊതുവേ പറയാറുള്ളത്. ജനാധിപത്യ ക്രമത്തിൽ ഏതു നിയമനിർമ്മാണത്തിനു പിന്നിലും ഈ ലക്ഷ്യമാണുള്ളത്. നിയമങ്ങൾ ജനങ്ങൾക്കു വേണ്ടിയുള്ളതാകുമ്പോൾ അതിന്റെ പ്രയോഗവും ജനാഭിമുഖ്യമുള്ളതാകണം. നിയമം തിരിഞ്ഞുകൊത്തുന്ന സ്ഥിതി വന്നാൽ ലക്ഷ്യം തന്നെ വിപരീതമാകും. ജനനന്മയെ ഉദ്ദേശിച്ചുകൊണ്ടു വരുന്ന നിയമങ്ങൾ തട്ടുതടയൊന്നുമില്ലാതെ എളുപ്പത്തിൽ പ്രാപ്തമാവുകയും വേണം. നിർഭാഗ്യവശാൽ സദുദ്ദേശത്തോടെ സർക്കാർ കൊണ്ടുവരുന്ന നിയമങ്ങളിൽ പലതും ജനങ്ങൾക്ക് ഉപദ്രവമായി മാറുകയാണ് പതിവ്. ഇതിനു പ്രധാന കാരണം പ്രസ്തുത നിയമം നടപ്പാക്കുന്നതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടാകുന്ന വീഴ്ചകളും ദുർവ്യാഖ്യാനങ്ങളുമൊക്കെയാവാം. ഭൂ ഉടമകളെ സഹായിക്കാനായി സർക്കാർ കഴിഞ്ഞ വർഷം കൊണ്ടുവന്ന ഭൂസംരക്ഷണ നിയമം ഇതിന് നല്ല ഉദാഹരണമാണ്. പ്രധാനമായും നെൽവയൽ സംരക്ഷണമാണ് ഇതിലൂടെ ഉദ്ദേശിച്ചിരുന്നത്. നെൽവയലുകളുടെ വിസ്തൃതി ആശങ്കാജനകമാംവിധം കുറഞ്ഞുവരുന്ന പശ്ചാത്തലത്തിലാണ് നെൽവയൽ സംരക്ഷണ നിയമം നടപ്പിലാക്കിയത്. വയലുകൾ കൃഷിക്കല്ലാതെ മറ്റാവശ്യങ്ങൾക്കായി മാറ്റിയെടുക്കുന്നത് കുറ്റകരമാണ്. സ്വന്തമായി വീടുവച്ചു താമസിക്കാൻ മാത്രമേ കുറഞ്ഞ തോതിൽ വയൽ നികത്താൻ അനുമതി നൽകുകയുള്ളൂ. അതിനാകട്ടെ ഒട്ടേറെ തവണ കയറി ഇറങ്ങുകയും വേണം.
ഭൂമിയുടെ ഇനം മാറ്റിയെടുക്കുന്നതിനും ഭൂവുടമകൾ വലിയ തോതിൽ പ്രയാസം നേരിട്ടുകൊണ്ടിരിക്കുകയാണ്. റവന്യൂ രേഖകളിൽ ഇപ്പോഴും വയലായി രേഖപ്പെടുത്തിയ ഭൂമി സംസ്ഥാനത്ത് ഉടനീളമുണ്ട്. സ്വാതന്ത്ര്യത്തിനു മുമ്പേ രേഖകളിൽ കടന്നുകൂടിയവയാണ് അവയിലധികവും. കാലാന്തരത്തിൽ നെൽവയലുകളിൽ അധിക ഭാഗവും കരഭൂമിയായി മാറിയിട്ടുണ്ട്. അത്തരം ഭൂമികളിലധികവും പാർപ്പിടങ്ങളാണിന്ന്. മൂന്നു പതിറ്റാണ്ടു മുൻപ് ഒൻപതു ലക്ഷം ഹെക്ടർ നെൽവയലുകളാണ് സംസ്ഥാനത്തുണ്ടായിരുന്നത്. ശോഷിച്ച് ശോഷിച്ച് ഇന്ന് അത് മൂന്നിലൊന്നായി ചുരുങ്ങിക്കഴിഞ്ഞു. നെൽകൃഷി ആദായകരമല്ലാതായതും ജനസംഖ്യാ വർദ്ധനയ്ക്കനുസരണമായി പാർപ്പിടങ്ങളുടെ ആവശ്യം കൂടിയതും വ്യാവസായികാവശ്യങ്ങൾ വർദ്ധിച്ചതുമൊക്കെ നെൽവയലുകളുടെ വിസ്തൃതി ഗണ്യമായി കുറയാൻ ഇടയാക്കി. വയലുകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കുന്നതിനായി നിയമം വന്നപ്പോഴും പാർപ്പിടാവശ്യങ്ങൾക്ക് കുറഞ്ഞ അളവിൽ വയൽ നികത്താൻ വ്യവസ്ഥകൾക്കു വിധേയമായി അനുമതി നൽകുന്നുണ്ട്.
ഭൂമി തരം തിരിവിൽ പെട്ട് നട്ടംതിരിയുന്ന ഭൂഉടമകളുടെ ദുരിതം വിവരിക്കുന്ന ഒരു റിപ്പോർട്ട് കഴിഞ്ഞ ദിവസം ഞങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. റവന്യൂ രേഖകളിൽ വയൽ എന്ന് ഇപ്പോഴും രേഖപ്പെടുത്തിയിട്ടുള്ള ഭൂമിയുടെ ക്രയവിക്രയത്തിന് നേരിടുന്ന ബുദ്ധിമുട്ട് വലിയ പ്രശ്നമായി മാറിയിട്ടുണ്ട്. ഇത്തരം ഭൂമി വാങ്ങി വീടു നിർമ്മിക്കാനോ മറ്റ് ആവശ്യങ്ങൾക്ക് മാറ്റാനോ ശ്രമിക്കുമ്പോഴാകും നിയമത്തിന്റെ നൂലാമാലകളെക്കുറിച്ചു പലരും അറിയുന്നതു തന്നെ. പതിറ്റാണ്ടുകളായി കരഭൂമിയായി മാറിയിട്ടുണ്ടെങ്കിലും ഭൂ രേഖകളിൽ വയൽ എന്നായിരിക്കും കിടക്കുന്നത്. വയൽ മറ്റാവശ്യങ്ങൾക്കു ഉപയോഗിക്കാൻ അനുമതിയില്ലാത്തതിനാൽ യഥാർത്ഥ സ്ഥിതി ബോദ്ധ്യപ്പെടുത്തി ഭൂമിയുടെ ഇനം മാറ്റി രേഖപ്പെടുത്തിക്കിട്ടാൻ നെട്ടോട്ടം ഓടേണ്ടിവരുന്നു. ചിലപ്പോൾ മാസങ്ങൾ തന്നെ എടുക്കും കാര്യം നടന്നുകിട്ടാൻ. ആർ.ഡി.ഒ മുതൽ താഴോട്ട് പല ഓഫീസുകളിലും ഇതിനായി കയറി ഇറങ്ങേണ്ടിവരും. കൈമടക്കും ശുപാർശയും ഭീഷണിയുമൊക്കെ പ്രയോഗിക്കേണ്ടിയും വരും.
കരഭൂമിയായി മാറിയിട്ടുള്ള സ്ഥലത്തിന്റെ ഇനം മാറ്റിയെടുക്കാൻ ജനങ്ങൾക്ക് അവസരം ഒരുക്കുന്നതാണ് ഇതുസംബന്ധമായ പുതിയ നിയമം. 2008-നു മുൻപ് കരഭൂമിയായി മാറിയ സ്ഥലങ്ങളേ ഇത്തരത്തിൽ മാറ്റിയെടുക്കാൻ നിയമം അനുവദിക്കുന്നുള്ളൂ. അതിനു നൽകേണ്ട ഫീസും നടപടിക്രമങ്ങളുമൊക്കെ നിശ്ചയിച്ചിട്ടുണ്ട്. ആയിരം രൂപ ഫീസടച്ച് ആർ.ഡി.ഒയ്ക്ക് അപേക്ഷ നൽകുന്നതു മുതൽ ആരംഭിക്കുന്നു ഇതിനായുള്ള നടപടികൾ. വില്ലേജ്, താലൂക്ക് ഓഫീസുകളും കൃഷി ഓഫീസുമൊക്കെ കയറിയിറങ്ങി വേണം അത് വീണ്ടും ആർ.ഡി.ഒ സവിധമെത്താൻ. ഈ യാത്രക്കിടയിൽ എന്തെങ്കിലുമൊരു സംശയമുണ്ടായാൽ അപേക്ഷ തട്ടിത്തടഞ്ഞു നിന്നതു തന്നെ. രണ്ടുമാസത്തിനകം അപേക്ഷ തീർപ്പാക്കണമെന്നാണ് ചട്ടമെങ്കിലും അതിനകം ആവശ്യം സാധിച്ചുകിട്ടിയാൽ പരമഭാഗ്യമെന്നേ കരുതാവൂ. ഇനം മാറ്റി നൽകുന്ന ഭൂമിക്ക് നിശ്ചിത ഫീസും നൽകേണ്ടതുണ്ട്. പഞ്ചായത്തിൽ ഇത് ന്യായവിലയുടെ പത്തു ശതമാനമാണെങ്കിൽ മുനിസിപ്പൽ പ്രദേശങ്ങളിൽ 20 ശതമാനവും കോർപ്പറേഷൻ പരിധിയിൽ 30 ശതമാനവുമാണ്. നെൽവയലുകളുടെ കൃത്യമായ ഡേറ്റാ ബാങ്ക് കൃഷി വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. അതിൽ ഉൾപ്പെടാത്ത ഭൂമി ഇപ്പോഴത്തെ ഇനം ഏതാണോ ആ രൂപത്തിൽ ക്രമപ്പെടുത്തി നൽകാവുന്നതേയുള്ളൂ. നിയമത്തിന്റെ നൂലാമാലകളാൽ സാധാരണക്കാരെ വലയ്ക്കേണ്ട ആവശ്യമില്ല. മാത്രമല്ല ബന്ധപ്പെട്ട ഓഫീസുകളിലുള്ളവരുടെ നേരിട്ടുള്ള സംയുക്ത പരിശോധനയിൽ ഭൂമിയുടെ സ്വഭാവം ഒറ്റനോട്ടത്തിൽത്തന്നെ കണ്ടെത്താവുന്നതുമാണ്. എളുപ്പത്തിൽ തീർപ്പാക്കാൻ കഴിയുന്ന ഒരു കാര്യത്തിന് ജനങ്ങളെ വൃഥാ വട്ടം ചുറ്റിക്കുന്നത് മഹാകഷ്ടമാണ്.
ഭൂമിയുടെ തരംതിരിവുമായി ബന്ധപ്പെട്ട് ധാരാളം അപേക്ഷകൾ ഓരോ വില്ലേജ് ഓഫീസിലും കെട്ടിക്കിടപ്പുണ്ടെന്നാണ് സൂചന. വില്ലേജ് ഓഫീസുകൾ സ്വതേ ഏറ്റവുമധികം തിരക്കുള്ള സർക്കാർ ഓഫീസായതുകൊണ്ടാകാം ഇത്. എന്നിരുന്നാലും അപേക്ഷകളിൽ തീർപ്പുണ്ടാകാൻ ഏറെ സമയം എടുക്കുന്നത് അപേക്ഷകർക്ക് പല തരത്തിലും കഷ്ടനഷ്ടങ്ങളുണ്ടാക്കുമെന്ന വസ്തുത മറക്കരുത്. സ്ഥലം വിൽക്കേണ്ടി വരികയോ വീടുവയ്ക്കേണ്ടി വരികയോ അതുപോലുള്ള ആവശ്യങ്ങൾക്കു ഭൂമി ഉപയോഗിക്കേണ്ടിവരികയോ ചെയ്യുമ്പോഴാണ് ഇത് വലിയ പ്രശ്നമായി മാറുന്നത്. റവന്യൂ വകുപ്പിന്റെ അടിയന്തര ശ്രദ്ധ പതിയേണ്ട ഒരു വിഷയമാണിത്.