general

തിരുവനന്തപുരം : ദിവസേനയുള്ള കൊവിഡ് പരിശോധന വർദ്ധിപ്പിച്ചെങ്കിലും രോഗവ്യാപനം രൂക്ഷമായ തിരുവനന്തപുരത്ത് പരിശോധാഫലങ്ങൾ വൈകുന്നു. ഒരാഴ്ച കഴിഞ്ഞാണ് പലർക്കും ഫലം ലഭിക്കുന്നത്. തലസ്ഥാനത്ത് കൊവിഡ് ലക്ഷണങ്ങളുള്ളവർ ആദ്യം എത്തുന്നത് ജനറൽ ആശുപത്രിയിലാണ്. ഇവിടെ നിന്നാണ് സ്രവം ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കുന്നത്. കഴിഞ്ഞമാസം 20 മുതൽ ഇന്നലെ വരെ 298 സാമ്പിളുകളുടെ ഫലമാണ് ലഭിക്കാനുള്ളത്. പനിയും മറ്റ് ലക്ഷണങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നവർ ഫലം വൈകുന്നതോടെ ആശങ്കയിലാണ്. റൂമുകൾ പരിമിതമായതിനാൽ രോഗബാധയില്ലാത്തവരെ എത്രയുംവേഗം വിട്ടയച്ചാൽ മാത്രമേ പുതിയ രോഗികളെ പ്രവേശിപ്പിക്കാനാകൂ. ആശുപത്രിക്കാരും പ്രതിസന്ധിയിലാണ്. ഫലം കാത്തിരിക്കുന്നവർ ആശുപത്രി ജീവനക്കാരോട് തട്ടിക്കയറാനും തുടങ്ങി. ഈമാസം നാലിന് കടുത്തപനിയും മറ്റുലക്ഷണങ്ങളുമായി അച്ഛനെയും അമ്മയെയും രണ്ടുവയസുള്ള കുഞ്ഞിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അച്ഛന്റെ ഫലം വന്നെങ്കിലും അമ്മയുടെയും കുഞ്ഞിന്റെയും ഫലം ഇനിയും ലഭിച്ചിട്ടില്ല. ഇവരെപ്പോലെ ദിവസങ്ങളായി പലരും ആശുപത്രിയിൽ ഫലം കാത്ത് കഴിയുകയാണ്.

ജനറൽ ആശുപത്രിയിൽ നിന്ന് സാമ്പിളുകൾ മെഡിക്കൽ കോളേജിലെ ലാബിലേക്കും ശ്രീചിത്രയിലേക്കുമാണ് അയയ്ക്കുന്നത്. മെഡിക്കൽ കോളേജിൽ നിന്നാണ് ഫലം ലഭിക്കാൻ വൈകുന്നതെന്നാണ് വിവരം.

ആവശ്യത്തിന് ജീവനക്കാരില്ല

ദിനംപ്രതിയുള്ള പരിശോധനകൾ വർദ്ധിപ്പിച്ചെങ്കിലും ലാബുകളിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതും പ്രതിസന്ധിയാണ്. സ്രവപരിശോധനയ്ക്ക് എത്തുന്നവരുടെ സാമ്പിളുകൾ ശേഖരിച്ചാൽ വീട്ടിലേക്ക് അയയ്ക്കും. പോസിറ്റീവാണെങ്കിൽ ഉടൻ അറിയിക്കുമെന്നും അതുവരെ ക്വാറന്റൈനിൽ കഴിയണമെന്നും നിർദ്ദേശിക്കും. ആറു ദിവസമായിട്ടും അറിയിപ്പൊന്നും ലഭിക്കാതെ വരുന്നതോടെ വീടുകളിൽ നിന്ന് ഇവർ പുറത്തേക്ക് ഇറങ്ങുന്ന സ്ഥിതിയുണ്ട്.

ഫലത്തിനും വേഗംകൂടണം

കൊവിഡ് പരിശോധനാഫലം വർദ്ധിപ്പിക്കുന്നത് പോലെ പ്രധാനമാണ് ഫലം അതിവേഗത്തിൽ ലഭ്യമാക്കുകയെന്നതും. ഫലങ്ങൾ അനന്തമായി നീണ്ടാൽ അത് തലസ്ഥാനത്തെ രോഗപ്രതിരോധത്തെ സാരമായി ബാധിക്കും. ഫലം വൈകുന്തോറും പോസിറ്റീവാണെന്നറിയാതെ മറ്റുള്ളവരിലേക്കും രോഗം പകരുന്നതിന് കാരണമാകും.