വർക്കല: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ശിവഗിരി യൂണിയൻ കൗൺസിൽ പൂർണ പിന്തുണ പ്രഖ്യാപിച്ചു.വർക്കല എസ്.എൻ കോളേജിൽ നടന്ന കൗൺസിൽ യോഗത്തിൽ ഇത് സംബന്ധിച്ച് യൂണിയൻ സെക്രട്ടറി അജി .എസ്.ആർ.എം അവതരിപ്പിച്ച പ്രമേയം ഐകകണ്ഠ്യേന അംഗീകരിച്ചു. യൂണിയൻ പ്രസിഡന്റ് കല്ലമ്പലം നകുലൻ അദ്ധ്യക്ഷത വഹിച്ചു.ഗുരുവരുളിന്റെ പൊരുളറിഞ്ഞ്, പരാധീനതകളുടെ പടുകുഴിയിൽ കിടന്ന സമുദായത്തിന് ഉയിർപ്പിന്റെ ജീവശ്വാസം പകർന്ന കർമ്മയോഗിയാണ് വെള്ളാപ്പള്ളിയെന്ന് പ്രമേയത്തിൽ പറഞ്ഞു. സമുദായത്തിന് വേണ്ടി ഏറ്റെടുത്ത കർമ്മങ്ങൾ പൂർണതയിലെത്തിക്കാൻ അദ്ദേഹം നടത്തിയ പോരാട്ടങ്ങളും സമർപ്പണമനോഭാവവും വിസ്മരിക്കപ്പെടരുത്. അധികാരി വർഗത്തിന് മുമ്പിൽ ഓച്ഛാനിച്ച് നിന്ന കഴിഞ്ഞകാല യോഗം നേതാക്കളിൽ നിന്ന് വേറിട്ട പാതയിലൂടെ സഞ്ചരിച്ച് വിദ്യാഭ്യാസ മേഖലയിൽ ഉൾപ്പെടെ അവകാശങ്ങൾ നേടിയെടുത്തു. മഹത്തായ പ്രസ്ഥാനത്തെ കരിതേയ്ക്കാനിറങ്ങിയ നപുംസകങ്ങളുടെ കോമരം തുളളലിന് മറുപടി പറയാൻ തക്ക ചങ്കുറപ്പും തന്റേടവുമുളള സമുദായത്തിന്റെ ഹൃദയപക്ഷം ഒപ്പം നിൽക്കുന്നിടത്തോളം, ഏത് വിമർശനങ്ങളെയും പൂമാലകളാക്കാൻ വെള്ളാപ്പള്ളിയെന്ന പടത്തലവന് കഴിയുമെന്നും പ്രമേയം ചൂണ്ടിക്കാട്ടി.യൂണിയൻ നേതാക്കളായ പ്ലാവഴികം പ്രസാദ്, ജി.ശിവകുമാർ,ബോബി വർക്കല, അഡ്വ: സാജ് ശിവൻ, രാജീവൻ സീമ,കവിത, രജനു പനയറ,അനൂപ് വെന്നിയോട് എന്നിവരും സംബന്ധിച്ചു.