samaram
സ്വർണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ നെയ്യാറ്റിൻകര താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തിയ യുവമോർച്ച പ്രവർത്തകരെ പൊലീസ് തടയുന്നു.

നെയ്യാറ്റിൻകര: കൊവിഡ് നിയന്ത്രണങ്ങളെല്ലാം ലംഘിച്ച് ഇന്നലയും നെയ്യാറ്റിൻകരയിൽ പലയിടത്തും സമരപരിപാടികൾ. യുവമോർച്ച നെയ്യാറ്രിൻകര താലൂക്ക് ആശുപത്രിയിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകരിൽ പലരും മാസ്കുപോലും ധരിക്കാതെയാണ് പങ്കെടുത്തത്. താലൂക്ക് ഓഫീസ് സ്ഥിതിചെയ്യുന്ന വാർഡിന് തൊട്ടടുത്തുള്ള വഴുതൂർ വാർഡ് കണ്ടെയിൻമെന്റ് സോണാണ്. ഇതുപോലും കണക്കാക്കാതെയായിരുന്നു പ്രതിഷേധം. പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കുകയായിരുന്നു. ഇവർക്കെതിരെ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് കേസെടുത്തു.

ഒ.ബി.സി മോർച്ച പ്രവർത്തകർ ഉദിയിൻകുളങ്ങരയിൽ നടത്തിയ സമരത്തിലും പലരും മാസ്ക് ധരിച്ചിരുന്നില്ല. ഉദിയിൻകുളങ്ങരക്ക് സമീപം പാറശാല ആശുപത്രിയിലെ ഇ.സി.ജി ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഈ പ്രദേശം മുഴുവൻ കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുമ്പോഴായിരുന്നു സമരം. സ്വർണകടത്ത് കേസിലെ പ്രതിയായ സ്വപ്നസുരേഷിന്റെ അവണാകുഴി രാമപുരത്തിന് സമീപമുള്ള വീട്ടിലേക്ക് ബുധനാഴ്ച മാർച്ച് നടത്തിയ 6 യൂത്ത് കോൺഗ്രസ് ഭാരവാഹികൾക്കെതിരെയും നെയ്യാറ്റിൻകര പൊലീസ് കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് കേസെടുത്തിരുന്നു.