തഴവ: വൗവ്വക്കാവിൽ ഏഴംഗ സംഘം വീട് കയറി നടത്തിയ ആക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു.
കുലശേഖരപുരം കടത്തൂർ കുന്നേൽ വടക്കതിൽ സലീമിന്റെ മകൻ ഹുസൈ(26)നാണ് പരിക്കേറ്റത്. ഇയാളെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം വെളുപ്പിന് മൂന്ന് മണിയോടെയായിരുന്നു സംഭവം. വലിയ ചുറ്റിക, കൈക്കോടാലി എന്നിവ ഉപയോഗിച്ച് മുൻവശത്തെ വാതിൽ തകർത്ത് വീടിനുള്ളിൽ കയറിയ അക്രമിസംഘം ചുറ്റിക ഉപയോഗിച്ച് ഹുസൈന്റെ കാൽപ്പാദം അടിച്ചൊടിക്കുകയും വടിവാൾകൊണ്ട് വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു.
ഹുസൈന്റെ പിതാവ് സലീം, സലീമിന്റെ മാതാവ്, മകൾ എന്നിവർ വീട്ടിലുണ്ടായിരുന്നെങ്കിലും മാരക ആയുധങ്ങൾ കാണിച്ച് ഭയപ്പെടുത്തി ഇവരെ നിശബ്ദരാക്കുകയായിരുന്നു.
കരുനാഗപ്പള്ളിയിലെ ഒരു ബാറിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് റിമാൻഡിലായിരുന്ന ഹുസൈൻ ഏതാനും ദിവസം മുൻപാണ് പുറത്തിറങ്ങിയത്. സമീപ വീടുകളിലെ സി.സി.ടിവി ദൃശ്യങ്ങൾ ശേഖരിച്ച് കരുനാഗപ്പള്ളി പൊലീസ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.