തിരുവനന്തപുരം: സൂപ്പർ സ്‌പ്രെഡ് സ്ഥിരീകരിച്ച പൂന്തുറയിൽ കടുത്ത നിയന്ത്രണങ്ങൾക്കെതിരെ ഇന്നലെ ജനം കൂട്ടത്തോടെ തെരുവിലിറങ്ങി പ്രതിഷേധിച്ചു. രാവിലെ 10ഓടെ പൂന്തുറയിലെ കൊവിഡ് സെന്ററിന് മുന്നിൽ നിന്നാണ് പ്രതിഷേധം ആരംഭിച്ചത്. പിന്നീട് പ്രദേശത്തെ പല ഭാഗങ്ങളിൽ നിന്നായി മുന്നൂറോളം പേർ സെന്റ് തോമസ് പള്ളിക്ക് മുന്നിലും സ്‌കൂളിന് മുന്നിലും തമ്പടിച്ചു. പ്രദേശത്തെ സ്ഥിതി സങ്കീർണമായിരിക്കെ ജനങ്ങൾ തെരുവിലിറങ്ങിയത് ആശങ്ക വർദ്ധിപ്പിച്ചു. പ്രദേശത്ത് പരിശോധനയ്‌ക്കെത്തിയ ആരോഗ്യപ്രവർത്തകരെ ജനക്കൂട്ടം തടഞ്ഞതോടെ പൊലീസ് ഇടപെട്ടു. പിന്നാലെ ജനങ്ങളും പൊലീസും തമ്മിൽ വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി. നിയന്ത്രണം ലംഘിച്ച് സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ പൊതുനിരത്തിലെത്തി പൊലീസിനോടും ആരോഗ്യപ്രവർത്തകരോടും കയർത്തു. മാസ്‌ക് ധരിക്കാതെ എത്തിയ ചിലർ വാഹനം തടയുകയും നിർബന്ധിച്ച് ഗ്ലാസ് താഴ്‌ത്തിയ ശേഷം അകത്തേക്ക് ചുമച്ചെന്നും ആരോഗ്യപ്രവർത്തകർ ആരോപിച്ചു. പൂന്തുറയിൽ കൊവിഡ് പടരുന്നുവെന്നത് വ്യാജ പ്രചാരണമാണെന്നും സർക്കാർ കണക്കുകൾ പെരുപ്പിച്ചു കാണിക്കുന്നുവെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. അവശ്യ സാധനങ്ങൾ കിട്ടുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു. മാണിക്യവിളാകത്തും വലിയപള്ളിയിലും കൊവിഡ് റിപ്പോർട്ട് ചെയ്‌തിട്ടും പൂന്തുറ വാർഡിൽ മാത്രം കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയെന്നും ഇവർ ആരോപിച്ചു. പ്രതിഷേധം വഷളായതോടെ ഡെപ്യൂട്ടി കളക്ടറും കമ്മിഷണറും ആരോഗ്യ പ്രവർത്തകരും പള്ളിവികാരി ബിബിൻസണും ഇടപെട്ടാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. ഉദ്യോഗസ്ഥർ നടത്തിയ ചർച്ചയിൽ പ്രദേശവാസികളുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഉറപ്പ് നൽകിയതിന് പിന്നാലെ ഒരുമണിയോടെ പ്രതിഷേധം കെട്ടടങ്ങി. നിയന്ത്രണത്തിന്റെ ഭാഗമായി കമാൻഡോകളടക്കം 500 പൊലീസുകാരെ നിയോഗിച്ചതിന് പിന്നാലെയായിരുന്നു പ്രതിഷേധം.
ഉറപ്പുനൽകി മേയർ
സാധനങ്ങൾ വാങ്ങുന്നതിൽ അടക്കമുള്ള കാര്യങ്ങളിൽ സൗകര്യം ചെയ്യുമെന്ന് മേയർ കെ. ശ്രീകുമാർ ഉറപ്പുനൽകി. പ്രദേശത്തെ സ്വകാര്യ ആശുപത്രികളെ കൊവിഡ് ആശുപത്രിയാക്കും. മറ്റിടങ്ങളിലേക്ക് കൊണ്ടുപോയവർക്ക് വേണ്ട സഹായങ്ങൾ നൽകുമെന്നും അദ്ദേഹം അറിയിച്ചു.
സർക്കാർ നുണ പറയുന്നു: കൗൺസിലർ
പൂന്തുറയിലേതെന്ന് പറഞ്ഞ് സർക്കാർ പുറത്തുവിടുന്ന കൊവിഡ് പോസിറ്റീവ് കണക്കുകൾ തെറ്റാണെന്ന് വാർഡ് കൗൺസിലർ പീറ്റർ സോളമൻ കുറ്റപ്പെടുത്തി. കണക്കുകൾ പെരുപ്പിച്ച് കാണിക്കുകയാണ്. സമീപത്തെ കടകളിലേക്ക് പോകുന്നതുപോലും പൊലീസ് തടയുന്നു. നാലുദിവസമായി അവശ്യ സാധനങ്ങൾ ലഭിക്കാതെ ജനങ്ങൾ പട്ടിണിയിലാണ്. പ്രതിഷേധത്തിൽ രാഷ്ട്രീയമില്ലെന്നും കൗൺസിലർ പറഞ്ഞു.
പട്ടിണി കിടന്ന് മരിക്കാൻ വയ്യ: കൊവിഡ് രോഗികൾ
പ്രദേശത്തെ കൊവിഡ് ബാധിതരെ പാർപ്പിച്ച സ്ഥലങ്ങളിൽ സൗകര്യമില്ലെന്ന പരാതിയുമായി രോഗികൾ രംഗത്തെത്തി. വർക്കല, കാരക്കോണം, വട്ടപ്പാറ അടക്കമുള്ള സ്ഥലങ്ങളിൽ മാറ്റിപ്പാർപ്പിച്ചവർക്ക് കുടിവെള്ളമോ ഭക്ഷണമോ ലഭിക്കുന്നില്ലെന്നും വൃത്തിയുള്ള ടോയ്‌ലെറ്റ് പോലുമില്ലെന്നും അവർ ബന്ധുക്കളോട് പരാതിപ്പെട്ടു. ' തങ്ങൾക്കിവിടെ പട്ടിണി കിടന്ന് മരിക്കാൻ വയ്യ, തങ്ങളെ വീടുകളിലേക്ക് മാറ്റണമെന്നും അവർ ആവശ്യപ്പെട്ടു. വസ്ത്രങ്ങളെടുക്കാനുള്ള സാവകാശം നൽകാതെ കൊവിഡ് കേന്ദ്രങ്ങളിലേക്ക് മാറ്റിയെന്നാണ് പരാതി. മതിയായ ചികിത്സ പോലും നൽകിയില്ല. പി.സി.ആർ ടെസ്റ്റുകൾ നടത്തിയിട്ടില്ലെന്നും ആരോപണമുണ്ട്.
മുന്നറിയിപ്പുമായി മന്ത്രി കെ.കെ. ശൈലജ
പൂന്തുറയിൽ സ്ഥിതി അതീവ ഗൗരവമാണെന്നും പ്രതിഷേധം കൈവിട്ട കളിയാണെന്നും മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. പ്രദേശത്ത് ആറാം തീയതി മുതൽ നടന്ന പരിശോധനയിൽ 243 പേർ പോസിറ്റീവായി. ജനങ്ങളെ വൈറസിൽ നിന്ന് രക്ഷിക്കാൻ കടുത്ത നിയന്ത്രണങ്ങളല്ലാതെ വേറെ മാർഗമില്ല. നിയന്ത്രണം ലംഘിച്ചത് അപകടകരമാണ്. അവശ്യ സാധനങ്ങളും ചികിത്സയും എത്തിക്കാൻ നടപടികളെടുത്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.