nia

തിരുവനന്തപുരം: സ്വർണക്കടത്തിന്റെ വഴിയടച്ച് ഭീകര പ്രവർത്തനത്തിനുള്ള പണമൊഴുക്ക് തടയാനാണ് യു.എ.ഇ കോൺസുലേറ്റിന്റെ പേരിലുള്ള സ്വ‌‌ർണക്കടത്ത് അന്വേഷിക്കാൻ ദേശീയ അന്വേഷണ ഏജൻസിയെ (എൻ.ഐ.എ) കേന്ദ്രസർക്കാ‌ർ പ്രധാനമായും നിയോഗിച്ചത്. കേരളത്തിൽ മാത്രമൊതുങ്ങുന്ന അന്വേഷണമാവില്ല ഇത്.

രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലൂടെയുള്ള ആയിരക്കണക്കിന് കോടിയുടെ സ്വ‌ർണക്കടത്ത് രണ്ട് ആവശ്യങ്ങൾക്കാണ്. സ്വർണ വ്യാപാരികൾക്ക് വിറ്റ് ലാഭമെടുക്കുന്നതാണ് ഒന്ന്. ഭീകര പ്രവർത്തനത്തിനുള്ള ഫണ്ടിംഗാണ് അടുത്തത്. ഈ സ്വർണച്ചങ്ങല പൊട്ടിക്കാനുള്ള സമഗ്ര അന്വേഷണമാണ് നടത്തുക.

പാകിസ്ഥാനിൽ അച്ചടിച്ച് അതിർത്തി കടത്തുന്ന വ്യാജ കറൻസിയിൽ നിന്ന് സ്വർണക്കട്ടികളിലേക്ക് ഭീകര പ്രവർത്തന ഫണ്ടിംഗിന്റെ രൂപം മാറിയിരിക്കുന്നു. കേരളത്തിൽ സ്വ‌ർണക്കടത്ത് നടത്തുന്ന രണ്ട് സംഘങ്ങൾക്ക് ഭീകരബന്ധമുണ്ടെന്ന് റവന്യൂ ഇന്റലിജൻസ് കണ്ടെത്തിയിരുന്നു. കോഴിക്കോട്ടെ ഇരട്ടസ്ഫോടനത്തിലെ പ്രതി ഒരു സംഘത്തിലുണ്ടെന്നും കണ്ടെത്തി. കോൺസുലേറ്റിന്റെ നയതന്ത്ര ചാനലിലൂടെ തിരുവനന്തപുരം വഴി എട്ടുതവണ സ്വർണം കടത്തിയെന്നാണ് സരിത്ത് വെളിപ്പെടുത്തിയത്. ആരാണ് സ്വ‌ർണം ഗൾഫിൽ നിന്നയച്ചത്, ആർക്കുവേണ്ടിയാണ് കൊണ്ടുവന്നത്, ലാഭം എന്തുചെയ്യുന്നു എന്നിവ കണ്ടെത്തണം. കാരിയർമാർ പിടിയിലാവുന്നതോടെ അന്വേഷണം നിലച്ചുപോവുന്ന സ്ഥിതിയാവില്ല ഈ കേസിൽ.

ഇന്ത്യയിൽ നടക്കുന്ന സ്വർണക്കടത്തിന്റെ മൂന്നിലൊന്നും കേരളത്തിലാണെന്ന് കസ്റ്റംസ് കമ്മിഷണർ സുമിത്കുമാർ വെളിപ്പെടുത്തിയിട്ടുണ്ട്. പ്രതിവർഷം 100 കോടിയുടെ കള്ളക്കടത്തുണ്ടെന്നാണ് കസ്റ്റംസ് പറയുന്നതെങ്കിലും 200 ടൺ സ്വർണം കടത്തുന്നതായാണ് എൻ.ഐ.എ നിഗമനം. വിമാനത്തിൽ മാത്രമല്ല, ശ്രീലങ്കയിലും മാലദ്വീപിലുമെത്തിച്ച് കടൽമാർഗവും നേപ്പാളിലെത്തിച്ച് കരമാർഗവും സ്വ‌ർണം കടത്തുന്നു.

12.5 ശതമാനം ഇറക്കുമതി ചുങ്കവും 3 ശതമാനം ജി.എസ്.ടിയുമായി ഖജനാവിലേക്കെത്തേണ്ട കോടാനുകോടികളാണ് സ്വർണക്കടത്തിലൂടെ നഷ്ടമാവുന്നത്.

എൻ.ഐ.എയ്ക്ക് കണ്ടെത്തേണ്ടത്

1)കടത്തിന്റെ ആദ്യകണ്ണി

ആഫ്രിക്കയിൽ നിന്ന് കുറഞ്ഞവിലയ്ക്ക് സ്വ‌ർണംവാങ്ങി ഗൾഫിലെത്തിച്ചാണ് കേരളത്തിലേക്ക് കടത്തുന്നത്. ചെറുമീനുകൾ വിചാരിച്ചാൽ ആയിരക്കണക്കിന് കോടി മുടക്കി സ്വ‌ർണം വാങ്ങി അയയ്ക്കാനാവില്ല. വമ്പന്മാരാണ് കടത്തിന്റെ ആദ്യ കണ്ണികൾ. ഒരു അന്വേഷണത്തിലും കണ്ടെത്താനായിട്ടില്ലാത്ത ഇവരെ പിടികൂടേണ്ടതുണ്ട്.

2) ഔദ്യോഗിക കൂട്ടുകച്ചവടം

തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ടിന്റെ ഒത്താശയോടെ 230 കോടിയുടെ 680 കിലോ സ്വർണം കടത്തിയെന്നാണ് റവന്യൂ ഇന്റലിജൻസ് കണ്ടെത്തിയത്. കൊച്ചിയിൽ കസ്റ്റംസ് ഉദ്യോഗസ്ഥനും തിരുവനന്തപുരത്ത് എസ്.ഐയും പിടിയിലായിട്ടുണ്ട്. രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ അടുത്തിടെ പിരിച്ചുവിട്ടിരുന്നു.

3) രാജ്യസുരക്ഷാ ഭീഷണി

കേരളത്തിലേക്കുള്ള സ്വർണക്കടത്തിൽ പാകിസ്ഥാൻ പൗരൻ നദീമിന്റെ പങ്കാളിത്തം ഡി.ആർ.ഐ കണ്ടെത്തിയിട്ടുണ്ട്. ഇയാളെ പിടികൂടാനായിട്ടില്ല. ദുബായിലെ വൻകിട റിയൽ എസ്റ്റേറ്റ് ഏജന്റും കോസ്‌മെ​റ്റിക്‌സ് വ്യാപാരിയുമാണിയാൾ. വർഷങ്ങളായി ഗൾഫിൽ നിന്ന് നദീം സ്വർണം കടത്തുന്നു.

4) മുംബയ് കണക്‌ഷൻ

മുംബയ് വഴിയും മലയാളികൾ സ്വ‌ർണം കടത്തുന്നുണ്ട്. ആക്രിസാധനങ്ങളുടെ ഇറക്കുമതി ലൈസൻസിന്റെ മറവിൽ 300 കോടിയുടെ സ്വ‌ർണം കടത്തിയ പെരുമ്പാവൂരുകാരൻ നിസാർ അലിയാരുടെ കൂട്ടാളികളെ കണ്ടെത്തേണ്ടതുണ്ട്. മുംബയിലെ ഡോംഗ്രിയിൽ ഇയാളുടെ സംഘങ്ങളുണ്ട്.

5) ഉരുക്ക് കേന്ദ്രങ്ങൾ

തിരുവനന്തപുരത്ത് 2019 മേയിൽ 25കിലോ സ്വർണം പിടിച്ചപ്പോഴാണ് 680 കിലോ ഇതിനകം കടത്തിയെന്ന് ഡി.ആർ.ഐ മനസിലാക്കിയത്. ബാക്കി സ്വ‌ർണം കണ്ടെത്താനായിട്ടില്ല. ട്രിച്ചിയിലും നീലേശ്വരത്തും പെരുമ്പാവൂരിലുമുള്ള കേന്ദ്രങ്ങളിലെത്തിച്ച് സ്വ‌ർണം ഉരുക്കിമാറ്റുകയാണ് പതിവ്.

6) കറൻസി കടത്ത്

രാജ്യത്തേക്ക് സ്വ‌ർണവും വിദേശത്തേക്ക് കറൻസിയും കടത്തുന്നതാണ് സ്വർണക്കടത്തുകാരുടെ പുതിയരീതി. ഇന്ത്യൻ കറൻസിയും വിദേശ കറൻസിയും രാജ്യത്തിനു പുറത്തേക്ക് കടത്തുന്നത് രാജ്യദ്റോഹക്കു​റ്റമാണ്. സ്വർണക്കടത്തിന്റെ മറവിലുള്ള കള്ളപ്പണം വെളുപ്പിക്കലും അന്വേഷിക്കും.

ശിവശങ്കറിനും കുരുക്ക്

യു.എ.ഇ കോൺസലേറ്റ് ജനറലിന്റെ ആവശ്യപ്രകാരം ഇപ്പോഴും അവർക്കായി ജോലിചെയ്യുന്നതായി സ്വപ്‌നയുടെ മുൻകൂർജാമ്യേപേക്ഷയിലുണ്ട്. അതീവ സുരക്ഷാപ്രാധാന്യമുള്ള സർക്കാരിന്റെ സ്പേസ്‌പാർക്കിൽ സ്പേസ് സെല്ലിംഗ് മാനേജരായും ഇതേസമയം പ്രവർത്തിച്ചു. ഉപഗ്രഹ, റോക്കറ്റ് നിർമ്മാണക്കമ്പനികളെയും സ്റ്റാർട്ട് അപ്പുകളെയും ഗവേഷണസ്ഥാപനങ്ങളെയും കേരളത്തിലെത്തിച്ച് പദ്ധതികൾ നടപ്പാക്കുകയാണ് സ്പേസ്‌ പാർക്കിന്റെ ലക്ഷ്യം. വിദേശ കാര്യാലയവുമായി ചേർന്ന് ജോലിചെയ്യുന്നയാളെ നിയമിച്ചത് ഐ.ടി സെക്രട്ടറിയായിരുന്ന ശിവശങ്കർ എൻ.ഐ.എയോട് വിശദീകരിക്കേണ്ടിവരും.