തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ആഗസ്റ്റിൽ സ്‌കൂളുകൾ തുറന്ന് ക്ലാസ് തുടങ്ങാമെന്ന സർക്കാരിന്റെയും അദ്ധ്യപകരുടെയും പ്രതീക്ഷ മങ്ങുന്നു. ഇങ്ങനെ പോയാൽ ഇക്കൊല്ലം ഓണപരീക്ഷയും ഉണ്ടാവില്ലെന്നാണ് സൂചന.
രോഗം കൂടുതലായി വ്യാപിക്കുമ്പോൾ സ്‌കൂളുകൾ തുറക്കുന്നത് അപകടമായതിനാൽ ഓൺലൈൻ ക്ലാസുകൾ വരും മാസങ്ങളിലും തുടരാനാണ് എല്ലാ സാദ്ധ്യതയും. സ്കൂൾ തുറക്കുന്നത് നീണ്ടാലും ഓൺലൈൻ ക്ലാസുകൾ തുടരാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. പാഠപുസ്തക വിതരണവും പൂർത്തിയായി.
ഓണപ്പരീക്ഷ, ഓൺലൈൻ പഠനം, സിലബസ് ചുരുക്കൽ, മറ്റ് സാദ്ധ്യതകൾ എന്നിവ ചർച്ചചെയ്യാൻ പൊതു വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗം അടുത്ത ആഴ്ച ചേർന്നേക്കും. ഈ വർഷത്തെ സ്‌കൂൾ കലണ്ടർ തയ്യാറാക്കിയിട്ടില്ല. ഇക്കാര്യവും ചർച്ച ചെയ്യും. അതിന്ശേഷം ചേരുന്ന കരിക്കുലം കമ്മിറ്റി കൊവിഡ് കാലത്തെ വിദ്യാഭ്യാസ കാര്യങ്ങൾ ചർച്ച ചെയ്യും. അതുകൂടി കഴിഞ്ഞ് കൂടുതൽ കാര്യങ്ങൾ തീരുമാനിക്കും.
@യോഗ, ചിരി
ഓൺലൈൻ അദ്ധ്യയനം തുടരേണ്ടി വന്നാൽ വിദ്യാർത്ഥികൾക്ക് ശാരീരിക, മാനസിക ഉല്ലാസം ഉറപ്പാക്കാനുള്ള പരിപാടികളും ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതിനായി വിക്ടേഴ്സ് ചാനലിൽ ദിവസവും രാവിലെ യോഗ, എക്സർസൈസ് എന്നിവ ഉൾപ്പെടുത്തിയുള്ള പരിശീലന പരിപാടി രണ്ടാഴ്ചയ്ക്കുള്ളിൽ ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ അറിയിച്ചു. എല്ലാ ക്ലാസുകളിലെയും വിദ്യാർത്ഥികൾക്ക് അനുയോജ്യമായ രീതിയിലാവും ഈ പരിശീലനം. കുട്ടികളിലെ ആത്മഹത്യപ്രവണത കൂടുന്ന സാഹചര്യത്തിൽ മാനസിക പിരിമുറുക്കം കുറയ്‌ക്കാൻ 'ചിരി' എന്ന കൗൺസലിംഗ് പദ്ധതിയും ഉടൻ ആരംഭിക്കും. സ്റ്രുഡന്റ് പൊലീസ് കേഡറ്രുകൾ വഴിയാണ് പദ്ധതി നടപ്പാക്കുക.
സ്‌കൂൾ തുറക്കുന്നത് വൈകിയാലും ക്ലാസുകൾ മുടങ്ങില്ല. ഓൺലൈനായി കൂടുതൽ വിഷയങ്ങളിൽ ക്ലാസ് നൽകാൻ ആലോചിക്കുന്നുണ്ട്. ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികളെ സഹായിക്കാൻ മലയാളത്തിലുള്ള ക്ലാസുകളിൽ ഇംഗ്ലീഷ് വാക്കുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
- എ. ഷാജഹാൻ, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി