കിളിമാനൂർ: ഓടകൾ നോക്കുകുത്തിയായതോടെ മഴവെള്ളം കുത്തിയൊഴുകി റോഡുകൾ തകരുന്നു എന്ന പരാതി വ്യാപകമായതോടെ നാട്ടുകാരുടെ കണ്ണിൽ പൊടിയിടാനായി പേരിന് വേണ്ടിയൊരു ഓട ശുചീകരണം നടത്തിയതായി പരാതി.
എന്നാൽ ശുചീകരണം ഗുണത്തേക്കാൾ ഏറെ ദോഷമുണ്ടാക്കുന്നതായി വ്യാപാരികളും കാൽ നടയാത്രക്കാരും പറയുന്നു. കോടികൾ മുടക്കി നിർമ്മിക്കുന്ന റോഡുകൾ പോലും അശാസ്ത്രീയമായ ഓട നിർമ്മാണം കാരണം കുത്തിയൊലിച്ചു വരുന്ന വെള്ളത്തിൽ തകരുകയാണ്.
ജില്ലയിലെ പ്രധാന റോഡായ കിളിമാനൂർ - ആലംകോട് റോഡിൽ ഓടകൾ പൊട്ടിപ്പൊളിഞ്ഞിട്ട് കാലം ഏറെയായി. കേരള കൗമുദി ഉൾപ്പെടെയുള്ള പത്രമാദ്ധ്യമങ്ങളിൽ വാർത്ത വന്നതോടെ ഓട വൃത്തിയാക്കാൻ പി.ഡബ്ല്യ.ഡി കരാറുകാരെ ഏൽപ്പിച്ചു. ഇവർ സ്ലാബ് ഇളക്കി മണ്ണ് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കോരി ഓടയ്ക്കരുകിലാണ് നിക്ഷേപിച്ചത്. തൊട്ടടുത്ത ദിവസങ്ങളിൽ മഴ പെയ്തതോടെ ഇവയൊക്കെ വീണ്ടും ഓടകളിൽ നിറഞ്ഞു ജലം ഒഴുക്ക് നിലച്ചു. മഴ ശക്തമായതോടെ ഇവിടുള്ള വ്യാപാര സ്ഥാപനങ്ങളിലേക്ക് ഓടകളിൽ നിന്ന് കുത്തിയൊലിച്ച് എത്തുന്ന മാലിന്യങ്ങൾ കേറുകയാണ്.
ഇതോടെ വ്യാപാരികൾ രംഗത്ത് എത്തി സ്വന്തം ചെലവിൽ ഓടയിലെ സ്ലാബുകൾ മാറ്റി ഓട വൃത്തിയാക്കുന്നത് പതിവ് കാഴ്ചയായി.