kk-shailja

തിരുവനന്തപുരം : കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിച്ച് പൂന്തുറയിൽ ജനങ്ങൾ തെരുവിലിറങ്ങിയത് അപകടകരമാണെന്ന് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. പ്രദേശത്തെ ഒരു വിഭാഗം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കാൻ ശ്രമമുണ്ടായി.ഇത് അനുവദിക്കാനാകില്ല. പൂന്തുറയിൽ ഇപ്പോൾ നടത്തുന്ന ആന്റിജൻ ടെസ്റ്റ് ഫലപ്രദമല്ലെന്ന് ചിലർ വ്യാജപ്രചാരണം അഴിച്ചുവിട്ടു. പി.സി.ആർ ടെസ്റ്റിന് സമാനമാണ് ആന്റിജൻ ടെസ്റ്റും പി.സി.ആറിനെക്കാൾ വേഗത്തിൽ ഇതിലൂടെ ഫലം ലഭ്യമാകുമെന്ന് തിരിച്ചറിയണം. പൂന്തുറയിലും പരിസരപ്രദേശങ്ങളിലുമായി ഈമാസം ആറിനു ശേഷം 1192 പേരെ പരിശോധിച്ചതിൽ 243പേർക്ക് പോസിറ്റീവായി. അതീവ ഗൗരവകരമായ സ്ഥിതിയാണിത്. പ്രദേശത്ത് 10 ഹെൽപ്പ് ഡെസ്‌കുകൾ പ്രവർത്തിക്കുന്നുണ്ട്. മൊബൈൽ വാനിൽ മരുന്നും മറ്റും എത്തിക്കുന്നതുൾപ്പെടെ കൂടുതൽ സൗകര്യങ്ങൾ പരിഗണിക്കുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകർക്ക് പിന്തുണ നൽകുന്നതിന് പകരം അവരെ തടയുന്ന നില വരരുത്. വിലക്കുകൾ ലംഘിച്ച് തെരുവിൽ വരുന്നത് ഭയാനകമാണ്. ലക്ഷണങ്ങളില്ലാത്തവർക്കും രോഗം ഉള്ളതായി കണ്ടെത്തുന്ന സാഹചര്യമാണ്. ആവശ്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയാൽ പരിഹരിക്കാനാണ് ശ്രമം. ജനങ്ങളുടെ സഹകരണം ഉണ്ടായാലേ രോഗവ്യാപനം തടയാനാകൂവെന്നും മന്ത്രി പറഞ്ഞു.

ആശങ്കപ്പെടുത്തുന്ന കണക്ക്

പൂന്തുറ മേഖലയിൽ ആകെയുള്ളവർ 31, 985 (പുത്തൻപള്ളി,മാണിക്യവിളാകം ഉൾപ്പെടെ)

പ്രായമായവർ 5611

അഞ്ചുവയസിൽ താഴെയുള്ളവർ 2250

70വയസിന് മുകളിലുള്ളവ‌‌ർ 2112

കിടപ്പുരോഗികൾ 184