തിരുവനന്തപുരം: കുമരിച്ചന്തയിൽ നിന്ന് പൂന്തുറയിലുണ്ടായ കൊവിഡ് പൊട്ടിത്തെറി കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുമെന്ന ആശങ്കയിൽ ആരോഗ്യവകുപ്പ്. വലിപ്പത്തിലോ വ്യാപാര ഘടനയിലോ തിരക്കിലോ ചെന്നൈയിലെ കോയമ്പേടു മാർക്കറ്റുമായി സാദൃശ്യപ്പെടുത്താവുന്ന ഒന്നല്ല കുമരിച്ചന്ത. എന്നാൽ രോഗവ്യാപന രീതിയിലും സ്ഥലത്തിന്റെ പ്രധാന്യത്തിലും കോയമ്പേടുമായി വിദൂരമല്ലാത്ത സദൃശ്യം കുമരിച്ചന്തയ്ക്കുണ്ട്. ചെന്നൈയിലെ ഏറ്റവും വലിയ പഴം - പച്ചക്കറി മാർക്കറ്റാണ് കോയമ്പേട്. ഇവിടെ അന്യ സംസ്ഥാനങ്ങളിൽ നിന്നും ചരക്കുമായി ലോറികളെത്തും. കൊവിഡ് വ്യാപനം വർദ്ധിച്ചിട്ടും കുറച്ചുനാൾ കൂടി മാർക്കറ്റ് തുറന്നതാണ് ചെന്നൈ നഗരം കൊവിഡിന്റെ പിടിയിലമരുന്നതിന് കാരണമായത്. സർക്കാർ നിർദ്ദേശങ്ങൾ മാർക്കറ്റിലെ കച്ചവടക്കാരും സാധനം വാങ്ങാനെത്തിയവരും അവഗണിക്കുകായിരുന്നു. ലോക്ക് ഡൗണിന്റെ ഒന്നാംഘട്ടത്തിൽ പോലും ജനം തെരുവിലുണ്ടായിരുന്നു.
അതുപോലെ തലസ്ഥാനത്തെ പ്രധാനപ്പെട്ട മത്സ്യമാർക്കറ്റാണ് കുമരിച്ചന്ത. തമിഴ്നാടിൽ നിന്നും മറ്റ് ജില്ലകളിൽ നിന്നും മത്സ്യമെത്തുന്ന ഇവിടെ മൊത്തവ്യാപരവും ചില്ലറ വ്യാപാരവുമുണ്ട്. ട്രോളിംഗ് നിരോധനത്തെ തുടർന്ന് വിഴിഞ്ഞം ഉൾപ്പെടെയുള്ള മത്സ്യബന്ധന ഹാർബറുകളിൽ സീസണായതിനെ തുടർന്ന് കുമരിച്ചന്തയും കൂടുതൽ സജീവമായി. മാർക്കറ്രിൽ അറ്റക്കുറ്രപ്പണി നടന്നപ്പോൾ സമീപത്തെ സർവീസ് റോഡിലായി കച്ചവടം. മുന്നറിയിപ്പ് ലംഘിച്ച് മൊത്ത വ്യാപാരികളിൽ ചിലർ തമിഴ്നാട്ടിൽ പോയി മത്സ്യം വാങ്ങിയെത്തിച്ചതാണ് കുഴപ്പങ്ങൾക്ക് കാരണമായത്. കുമരിച്ചന്തയിലെ വ്യാപാരികളും ഉപോഭോക്താക്കളിലും കൂടുതൽ പേരും പൂന്തുറയിലും സമീപത്തും ഉള്ളവരാണ്.
വ്യാപനത്തിലെ സാമ്യം
കോയമ്പേട് മാർക്കറ്റിൽ നിന്നും ചില്ലറ വ്യാപാരികൾ ചെന്നൈയിലും സമീപ ജില്ലകളിലും പച്ചക്കറി എത്തിക്കാറുണ്ട് അവരിലൂടെ രോഗം വ്യാപിച്ചു. കുമരിച്ചന്തയിലെ മൊത്ത വ്യാപാരികളിൽ നിന്നും മത്സ്യത്തൊഴിലാളി സ്ത്രീകൾ നഗരത്തിന്റെ പല ഭാഗത്തും മത്സ്യം എത്തിക്കാറുണ്ട്. ഇവരിൽ ചിലർക്ക് ഇതിനകം രോഗം സ്ഥിരീകരിച്ചു.
ചെന്നൈയിൽ
---------------------------
ആദ്യം കോയമ്പേട് മാർക്കറ്റിൽ ചില്ലറവ്യാപാരം നിരോധിച്ചു
കോയമ്പേട് മാർക്കറ്റ് പൂട്ടി പകരം പഴം പച്ചക്കറി മാർക്കറ്റ് രണ്ട് സ്ഥലങ്ങളിലാക്കി
പച്ചക്കറി എത്തിക്കാൻ ജോലി നഷ്ടപ്പെട്ട ആട്ടോ, കാർ ഡ്രൈവർമാരെ
നിയോഗിച്ചു, അവരിലൂടെ കൊവിഡ് വ്യാപിച്ചു
നിയമലംഘനങ്ങൾ തുടർന്നതോട പ്രതിദിനം
2500 കൊവിഡ് കേസുകൾ
കർശനമായി ലോക്ക്ഡൗൺ നടപ്പിലാക്കി. പ്രതിദിന
വ്യാപനം ആയിരത്തിലേക്കെത്തിച്ചു.
ഇവിടെ
--------------------
കൊവിഡ് റിപ്പോർട്ട് ചെയ്‌തപ്പോൾ തന്നെ കുമരിച്ചന്ത പൂട്ടി
മത്സ്യവിപണനത്തിന് തത്കാലം തടയിട്ട് വിഴിഞ്ഞം
ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ മത്സ്യബന്ധനം നിരോധിച്ചു
അതീവ ജാഗ്രതയ്‌ക്കിടെ പൂന്തുറയിൽ
നിയമലംഘനം, പ്രതിഷേധം