kk-shylaja

തിരുവനന്തപുരം:എന്തിന്റെ പേരിലാണെങ്കിലും കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചുകൊണ്ടുള്ള പ്രതിഷേധങ്ങൾ അംഗീകരിക്കാനാകില്ലെന്ന് മന്ത്രി കെ.കെ.ശൈലജ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൊവിഡ് കാലത്ത് വ്യവസ്ഥാപിത മാർഗത്തിലൂടെ മാത്രമേ പ്രതിഷേധം പാടുള്ളൂ. ജനങ്ങളെ കൊലയ്ക്ക് കൊടുക്കാതെ നേതാക്കൾ കാര്യങ്ങൾ അണികളെ ബോധ്യപ്പെടുത്തണം. നിയന്ത്രണങ്ങൾ ലംഘിക്കുന്നത് തീക്കൊള്ളികൊണ്ട് കളിക്കുന്നത് പോലെയാണ്. കൈവിട്ടുപോയാൽ ആളുകൾ മരിച്ചുവീഴുന്നത് കാണേണ്ടിവരും.
കേരളത്തിന്റെ ചില ഭാഗങ്ങളിൽ ഗുരുതരമായ സാഹചര്യമാണ്. എല്ലാവരുടെയും കഠിനപ്രയത്‌നത്തിലൂടെയാണ് രോഗവ്യാപനം പരമാവധി തടയാനും മരണനിരക്ക് കുറയ്ക്കാനും സാധിച്ചത്. ചെറിയവീഴ്ചക്ക് പോലും വലിയ വില നൽകേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.