കിളിമാനൂർ: വാലഞ്ചേരി അബി ഭവനിൽ അബിരാമിനും അനുജനും ഇനി വീട്ടിലിരുന്ന് സ്വന്തം ടി.വി യിലൂടെ ഓൺലൈൻ പഠനം നടത്താം. പഠനം സാദ്ധ്യമാകും. സഹപാഠികൾ വീട്ടിലിരുന്ന് ഓൺലൈനിലൂടെ ക്ലാസുകൾ കണ്ടും കേട്ടും ഹൃദിസ്ഥമാക്കുന്നത് കണ്ണീരോടെ കണ്ടറിഞ്ഞ ഇവരുടെ ദുരവസ്ഥയ്ക്ക് അറുതി വരുത്താൻ കിളിമാനൂർ നൂർജഹാൻ മെഡിക്കൽസിന്റെ സഹകരണത്തോടെ വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷനാണ് വഴിയൊരുക്കിയത്.
ഓൺലൈൻ പഠനസൗകര്യമില്ലാത്ത കുട്ടികൾക്കായി അസോസിയേഷൻ ഓഫീസിൽ ഒരുക്കിയ ക്ലാസ് മുറിയിൽ മുടങ്ങാതെ എത്തിയിരുന്ന അബിരാമിന്റെ വീട്ടിലെത്തി അവരുടെ നിർദ്ധനാവസ്ഥ മനസിലാക്കിയിട്ടാണ് അസോസിയേഷൻ ഭാരവാഹികൾ ടെലിവിഷൻ വാങ്ങി നൽകാൻ തീരുമാനിച്ചത്. അസോസിയേഷൻ പ്രസിഡന്റ് മോഹൻ വാലഞ്ചേരി, ജനറൽ സെക്രട്ടറി എൻ. ഹരികൃഷ്ണൻ, ട്രഷറർ ഷീജാ രാജ്, പ്രൊഫ.എം.എം. ഇല്യാസ്, ആർ. അനിൽകുമാർ, വത്സകുമാരൻ നായർ, സജിത, രജിത, ചന്ദ്രിക, ജ്യോതിലക്ഷ്മി തുടങ്ങിയവർ കഴിഞ്ഞ ദിവസം അബിരാമിന്റെ വീട്ടിലെത്തി ടെലിവിഷൻ കൈമാറി.