കൊച്ചി: കേരളത്തിന്റെ മത്സ്യോല്പാദനം വർദ്ധിപ്പിക്കാൻ വീട്ടുമുറ്റങ്ങളിലെ ബയോഫ്ളോക്ക് മത്സ്യകൃഷിക്ക് കഴിയുമെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ. ദേശീയ മത്സ്യകർഷക ദിനാചരണത്തോട് അനുബന്ധിച്ച് കേരള ഫിഷറീസ്‌ സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്)ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച കർഷകർക്കായുള്ള ബയോഫ്ളോക്ക് മത്സ്യകൃഷി പരിശീലന പരിപാടി വീഡിയോ കോൺഫറൻസിങ്ങിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി ചിങ്ങം ഒന്നിന് സംസ്ഥാന വ്യാപകമായി ബയോഫ്ളോക്ക് യൂണിറ്റുകൾ നിലവിൽ വരുമെന്ന് മന്ത്രി പറഞ്ഞു. ബയോഫ്ളോക്ക് യൂണിറ്റുകൾക്ക് വേണ്ട മത്സ്യക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാനായി മലമ്പുഴ, കുളുത്തൂപ്പുഴ, വരാപ്പുഴ എന്നിവിടങ്ങളിൽ വ്യവസായിക അടിസ്ഥാനത്തിലുള്ള ഹാക്ടറികൾ തുടങ്ങും. നാല് ദിവസത്തെ പരിശീലന പരിപാടിയിൽ ഓൺലൈനായി എല്ലാ കർഷകർക്കും പങ്കെടുക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.ഫിഷറീസ് വകുപ്പ് സെക്രട്ടറി റ്റിങ്കു ബിശ്വാൾ ഐ.എ.എസ് അദ്ധ്യക്ഷത വഹിച്ചു. ഫിഷറീസ് വകുപ്പ് ഡയറക്ടർ എം.ജി രാജമാണിക്യം ഐ.എ.എസ്, കുഫോസ് രജിസ്ട്രാർ ഡോ.ബി മനോജ്കുമാർ, ഫിഷറീസ് വകുപ്പ് ജോ.ഡയറക്ടർ ഇഗ്‌നേഷ്യഷ് മൺറോ എന്നിവർ സംസാരിച്ചു.