swapna

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ എൻ.ഐ.എ തിരയുന്ന സ്വപ്‌ന സുരേഷ് ഇപ്പോഴും കാണാമറയത്ത് തന്നെ. സ്വപ്ന സംസ്ഥാനത്ത് തന്നെയുണ്ടോ,​അതിർത്തി കടന്നോ എന്ന കാര്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ യാതൊരു സ്ഥിരീകരണവും നൽകുന്നില്ല.

നേരത്തേ തിങ്കളാഴ്ച രാവിലെ 10 ന് വെള്ള ഇന്നോവയിലെത്തിയ സ്വപ്ന തന്നോട് വഴിചോദിച്ചുവെന്ന് കൊച്ചുതാന്നിമൂട് സ്വദേശി ഗിരീശൻ അവകാശപ്പെട്ടെങ്കിലും ലോക്കൽ പൊലീസ് ഇതിന്റെ യാഥാർത്ഥ്യമറിയാൻ ശ്രമിച്ചില്ല. മേലുദ്യോഗസ്ഥരിൽ നിന്നും അത്തരമൊരു നിർദ്ദേശവും ലഭിച്ചിട്ടില്ലെന്നാണവർ പറയുന്നത്. നന്ദിയോട് മേഖലയിലുള്ള ഒരു സിസി ടിവി കാമറയിൽ സ്വപ്ന സഞ്ചരിച്ചതായി പറയുന്ന വെള്ള ഇന്നോവ കാർ പതിഞ്ഞിട്ടുണ്ടെന്ന് വിവരമുണ്ട്. സ്വപ്നയ്ക്കൊപ്പം മറ്റൊരു സ്ത്രീയുമുണ്ടായിരുന്നതായും മങ്കയം ഇക്കോടൂറിസത്തിലേക്കുള്ള വഴി ചോദിച്ചെന്നുമാണ് ഗിരീശൻ പറയുന്നത്. എന്നാൽ അവർ മങ്കയത്തേക്കാണോ അതോ നേരെയുള്ള പാതയിലൂടെ മറ്റെവിടേക്കെങ്കിലും പോയോയെന്ന കാര്യത്തിൽ വ്യക്തതയില്ല.

ചില സാദ്ധ്യതകൾ

#മങ്കയം ഇക്കോ ടൂറിസം മേഖല നിരവധി പ്രതികൾക്ക് ഒളിത്താവളമായിട്ടുണ്ടന്ന് നാട്ടുകാർ. വെള്ളച്ചാട്ടവും സ്വകാര്യ റിസോർട്ടുമുള്ള മങ്കയം ടൂറിസം കേന്ദ്രം ലോക്ക്ഡൗൺ കാലമായതിനാൽ അടച്ചിട്ടിരിക്കുകയാണ്. ഉന്നതബന്ധം സംശയിക്കുന്ന സ്വപ്നയെ പോലുമുള്ളവർക്ക് ഒളിത്താവളമൊരുക്കാൻ പറ്റിയ ഇടമാണ് ഈ മേഖലയെന്നാണ് സംസാരം.

#വെള്ളച്ചാട്ടത്തിലേക്കുള്ള റോഡ് ചെന്നവസാനിക്കുന്നത് ബ്രൈമൂർ എസ്റ്റേറ്റിലേക്കാണ്. നൂറുകണക്കിന് ലായങ്ങളുമുള്ള ബ്രൈമൂർ എസ്റ്റേറ്റ്, ദക്ഷിണേന്ത്യയിലെ വലിയ പ്ലാന്റേഷൻ കമ്പനിയായ ട്രാവൻകൂർ ടീ ആൻഡ് റബർ കമ്പനിയുടെ ഉടമസ്ഥയിലുള്ളതാണ്. സ്വപ്നയെ പോലെ സ്വാധീനമുള്ള ഒരാൾക്ക് ഒളിവിൽ താമസിക്കാൻ ഇവിടത്തെ സൗകര്യങ്ങൾ പോരെങ്കിൽ എസ്റ്റേറ്റിൽ നിന്നും മൂന്ന് കിലോമീറ്റർ കാൽനടയായി നടന്നാൽ പൊന്മുടി അപ്പർ സാനിറ്റോറിയത്തിലെത്താം. ഇവിടെ ടൂറിസം വകുപ്പിന്റെയും കെ.ടി.ഡി.സിയുടെയും റിസോർട്ടുകളുണ്ട്.

#നിലവിൽ സന്ദർശകർക്ക് പ്രവേശനം ഇല്ലാത്ത നിലയിലാണ് പൊന്മുടി ഹിൽസ്റ്റേഷൻ. പൊന്മുടിയിയ്ക്കടുത്താണ് മെർക്കിസ്റ്റൺ എസ്റ്റേറ്റ്. ഇവിടെയും ലായങ്ങളും ഓഫീസ് സംവിധാനങ്ങളുമുണ്ട്.

#പൊന്മുടി ഹിൽ സ്റ്റേഷനിൽ നിന്നും രണ്ട് ഹെയർപിൻ വളവ് താഴേക്കിറങ്ങി ഇടത്തോട്ടുള്ള ഇടവഴിയിലൂടെ 10 കിലോമീറ്റർ സഞ്ചരിച്ചാൽ ഇൻവർകോഡ് എസ്റ്റേറ്റിലേക്കെത്താം. ഇവിടെനിന്നും 16 കിലോമീറ്റർ പോയാൽ തമിഴ്നാട് അതിർത്തിയായ പാണ്ടിപ്പത്തിൽ എത്തും. അവിടെനിന്നും അംബാസമുദ്രത്തിലേക്ക് കടക്കാനുമാകും. അന്വേഷണ ഉദ്യോഗസ്ഥർക്ക് എളുപ്പത്തിൽ പ്രതികളെ കണ്ടെത്താൻ കഴിയാത്ത സ്ഥലങ്ങളാണിത്. പല പിടികിട്ടാപുള്ളികളെയും ഇവിടങ്ങളിൽ നിന്നും പൊലീസ് പിടികൂടിയിട്ടുണ്ട്.

പ്രധാന കാര്യം

സ്വപ്‌നയ്ക്ക് ഇവിടങ്ങളിൽ ഒളിവിൽ കഴിയണമെങ്കിൽ നിരവധിപ്പേരുടെ സഹായം വേണം.

മറ്രൊരു സാധ്യത​
ഗിരീശൻ കണ്ടെന്ന് പറയുന്ന സ്ഥലത്ത് നിന്ന് മങ്കയത്തേക്ക് പോകാതെ നേരെയുള്ള പാതയിലൂടെ പാലോട്, കടയ്ക്കൽ വഴി കൊല്ലത്തേക്കും,കുളത്തൂപ്പുഴ വഴി തെങ്കാശിയിലേക്കും പോകാം.