ramesh-chennithala

തിരുവനന്തപുരം: മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് തന്നെ മാറ്റാൻ നെറികേട് കാട്ടരുതെന്ന് പറയുന്ന പിണറായി വിജയന് മുൻ സർക്കാരിന്റെ കാലത്തെ കാര്യങ്ങൾ ഓർമ്മിപ്പിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മറുപടി.

ആരാണ് നെറികേട് കാട്ടിയതെന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ ക്രൂശിച്ചവർ സ്വയം ആലോചിക്കണമെന്ന് ചെന്നിത്തല പറഞ്ഞു. ഉമ്മൻ ചാണ്ടിക്കെതിരെ എന്തുമാത്രം നെറികെട്ട പ്രവർത്തനമാണ് അന്ന് നടത്തിയത്. അതിന്റെ ഒരു ശതമാനം പോലും തങ്ങൾ നടത്തിയിട്ടില്ല. സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ്. സ്വർണക്കടത്ത് വിവാദത്തിൽ ആരോപണവിധേയനായ സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവച്ച് സി.ബി.ഐ അന്വേഷണത്തിന് തയാറാകണം. എല്ലാ കൊള്ളകൾക്കും മുഖ്യമന്ത്രിയുടെ ഓഫീസ് നേതൃത്വം നൽകുകയാണ്.

ഐ.ടി വകുപ്പിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വൻ അഴിമതിയാണ് നടക്കുന്നത്. ടോട്ടൽ സൊല്യുഷൻ, കൺസൾട്ടൻസി എന്നിവയുടെയൊക്കെ മറവിൽ വഴിവിട്ട നിയമനങ്ങളാണ്. സി-ഡിറ്റിൽ രണ്ട് വർഷത്തിനിടെ സർവ്വമാനദണ്ഡങ്ങളും ലംഘിച്ച് പാർശ്വവർത്തികളായ 51 പേരെ നിയമിച്ചു. സബ്‌രജിസ്ട്രാർ ഓഫീസുകളിലെ രേഖകൾ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ മറവിൽ ചട്ടങ്ങൾ പാലിക്കാതെ 166 പേരെ നിയമിച്ചു. രണ്ടിടത്തും നിയമനം നേടിയവരുടെ പേരുവിവരവും ചെന്നിത്തല പുറത്തുവിട്ടു.

സംസ്ഥാനസർക്കാർ നിലനിൽക്കുന്നത് സ്വർണക്കടത്തിൽ പങ്കാളിത്തമുള്ളവരുടെ പിന്തുണയിലാണോയെന്ന് മുഖ്യമന്ത്രി പറയണമെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.