sivasankar

തിരുവനന്തപുരം: ചീഫ് സെക്രട്ടറിയുടെ ഓഫീസ് ഉൾപ്പെടെയുള്ള തന്ത്രപ്രധാന വകുപ്പുകളിലെ ഐ.ടി പ്രോജക്ട് അസിസ്റ്റന്റ് തസ്തികകളിൽ

മുൻ ഐ.ടി പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ അറിവോടെ കരാർ നിയമനങ്ങൾ നടന്നതായി സൂചന. വ്യക്തമായ അന്വേഷണം പോലും നടത്താതെയാണ് നിയമനമെന്നാണ് സൂചന.

കേന്ദ്രസർക്കാരിന്റേതുൾപ്പെടെ സുപ്രധാന സന്ദേശങ്ങൾ സംസ്ഥാനത്തിന് കൈമാറുന്നത് ചീഫ്സെക്രട്ടറിയുടെ ഓഫീസിലാണ്. ഇവിടെ ഐ.ടി പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിൽ രണ്ട് പേരാണ് കരാറടിസ്ഥാനത്തിൽ നിയമിക്കപ്പെട്ടത്. വ്യവസായ, നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ. ഇളങ്കോവന്റെ ഓഫീസിലും ഐ.ടി ജോലികളുടെ പേരിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിച്ചു.

ഐ.ടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന് കീഴിലെ പ്രോജക്ടിൽ സ്വപ്ന സുരേഷിനെ നിയമിച്ചതും പൊലീസ് ഇന്റലിജന്റ്സ് റിപ്പോർട്ടുകൾ പരിശോധിക്കാതെയായിരുന്നു. സമാന സാഹചര്യമാണ് ഭരണസിരാകേന്ദ്രത്തിലെ കരാർ നിയമനങ്ങളിലുമെന്നാണ് ആക്ഷേപം.

വകുപ്പ് തല അന്വേഷണം പോലുമില്ല

സിവിൽ സർവീസ് ഉദ്യോഗസ്ഥനെതിരെ പത്ര, ദൃശ്യ മാദ്ധ്യമങ്ങളിലൂടെ ആരോപണമുയർന്നാൽ പോലും രഹസ്യാന്വേഷണം നടത്തി വസ്തുത ഉറപ്പാക്കണമെന്നാണ് അഖിലേന്ത്യാ സിവിൽ സർവീസ് ചട്ടത്തിൽ. ഈ അന്വേഷണത്തിൽ വ്യക്തമാകുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വകുപ്പുതല അന്വേഷണവുമുണ്ടാകണം. എന്നാൽ, യു.എ.ഇ കോൺസുലേറ്റിലേക്കുള്ള ബാഗേജ് വഴി സ്വർണക്കടത്ത് നടത്തിയ കേസിൽ കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷുമായി അടുത്ത ബന്ധമുണ്ടായിരുന്ന എം. ശിവശങ്കറിനെതിരെ വകുപ്പുതല അന്വേഷണത്തിന് ഇതുവരെ സർക്കാർ തയാറായിട്ടില്ല.