വിതുര: തിരുവനന്തപുരം - പൊൻമുടി സംസ്ഥാനപാതയിൽ നെടുമങ്ങാട് മുതൽ വിതുര വരെയുള്ള ഭാഗത്ത് അപകടങ്ങളും അപകടമരണങ്ങളും തുടർക്കഥയാകുന്നു. രണ്ട് വർഷത്തിനിടയിൽ ഈ ഭാഗത്ത് നടന്ന അപകടങ്ങളിൽ യുവാക്കളടക്കം എട്ട് പേർ മരിച്ചിട്ടും സുരക്ഷാ നടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറാകാത്തത് ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. അമിതവേഗവും അശ്രദ്ധയുമാണ് ഇവിടെ നടന്ന മിക്ക അപകടങ്ങളുടെയും കാരണം.
തിരക്കേറിയ റോഡിൽ ഡ്രൈവിംഗ് നിയമങ്ങൾ കാറ്റിൽപ്പറത്തിയാണ് വാഹനങ്ങൾ തലങ്ങും വിലങ്ങും പായുന്നത്. ഹൈവേ പൊലീസ് പട്രോളിംഗ് നടത്താറുണ്ടെങ്കിലും അമിതവേഗക്കാരെ പിടികൂടാറില്ലെന്ന് ആക്ഷേപമുണ്ട്. ലോക്ക് ഡൗൺ സമയത്തും നിരവധി യുവാക്കൾ കല്ലാർ, ബ്രൈമൂർ എന്നിവിടങ്ങളിലേക്ക് ബൈക്കുകളിലെത്തുന്നുണ്ട്. റോഡിന്റെ ശോച്യാവസ്ഥയും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ചിലയിടത്ത് ഗട്ടറുകൾ നിറഞ്ഞതും കൈയേറ്റം കാരണം ചില ഭാഗത്ത് വീതി ഗണ്യമായി കുറഞ്ഞതും വാഹനയാത്രക്കാർക്ക് ഭീഷണിയായിട്ടുണ്ട്. അമിതവേഗതയിൽ പായുന്ന ടിപ്പർലോറികളും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. കഴിഞ്ഞ ദിവസം ചുള്ളിമാനൂർ ടോൾ ജംഗ്ഷനിൽ വച്ച് ബൈക്കിൽ ടിപ്പറിടിച്ച് ഒരാൾ മരിച്ചതാണ് ഏറ്റവും ഒടുവിലത്തെ അപകടമരണം. ഒാടകൾ ഇല്ലാത്തതുമൂലം പാർശ്വഭാഗങ്ങളിടിഞ്ഞ് വീതി ഗണ്യമായി കുറഞ്ഞ മേഖലകളും അനവധിയുണ്ട്. ഈ റോഡിലെ അപകടങ്ങളും അപകടമരണങ്ങളും ചൂണ്ടിക്കാട്ടി അടുത്തിടെ വിതുര, തൊളിക്കോട് പൗരസമിതികൾ പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നൽകിയിരുന്നെങ്കിലും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.
ഭീഷണിയായി ബൈക്ക് റേസിംഗ്
ഈ റോഡിൽ ബൈക്ക് റേസിംഗ് സംഘം സജീവമായത് അപകട ഭീഷണിയുയർത്തുകയാണ്. ഇത് സംബന്ധിച്ച് നാട്ടുകാർ നിരവധി തവണ പൊലീസിന് പരാതി നൽകിയിട്ടുണ്ട്. റേസിംഗിനിടയിൽ ബൈക്കുകൾ മറിഞ്ഞ് ഒരുപാട് യുവാക്കൾക്ക് പരിക്കേറ്റിട്ടുണ്ട്. വിതുര മേഖലയിലെ ടൂറിസം കേന്ദ്രങ്ങളിലേക്കും മറ്റും കഞ്ചാവ് കടത്തുന്ന സംഘങ്ങളും ഇരുചക്രവാഹനങ്ങളിൽചീറിപ്പാഞ്ഞുപോകുന്നുണ്ട്. ഇത്തരം സംഘങ്ങൾ കാൽനടയാത്രികരെ ഇടിച്ചിട്ട സംഭവങ്ങളുമുണ്ട്.
അപകടമരണങ്ങൾ ഇവിടെ
പൂങ്കാവനം
കരിങ്കട
തോട്ടുമുക്ക്
പേരയത്തുപാറ
വിതുര ശിവൻകോവിൽ ജംഗ്ഷൻ
വിതുര കെ.പി.എസ്.എം ജംഗ്ഷൻ
ചുള്ളിമാനൂർ ടോൾ ജംഗ്ഷൻ
രണ്ട് വർഷത്തിനിടയിൽ
ബൈക്കപകടങ്ങളുടെ എണ്ണം - 226
മരണം - 8
പ്രതികരണം
നെടുമങ്ങാട് - വിതുര റോഡിൽ അമിതവേഗതയിൽ പായുന്നവരെ പിടികൂടും. അപകടങ്ങൾക്ക് തടയിടാനായി ബോധവത്കരണം സംഘടിപ്പിക്കും.
എസ്. ശ്രീജിത്
സർക്കിൾ ഇൻസ്പെക്ടർ
വിതുര ജനമൈത്രി പൊലീസ് സ്റ്റേഷൻ
നെടുമങ്ങാട് - വിതുര റോഡിൽ വർദ്ധിച്ചുവരുന്ന അപകടങ്ങൾക്ക് തടയിടണമെന്നാവശ്യപ്പെട്ട് സമരപരിപാടികൾ സംഘടിപ്പിക്കും.
ഫെഡറേഷൻസ് ഒഫ് റസിഡന്റ്സ് അസോസിയേഷൻ
വിതുര മേഖലാ കമ്മിറ്റി ഭാരവാഹികൾ