വെഞ്ഞാറമൂട്: വെമ്പായത്ത് ഡി.വെെ.എഫ്.ഐ മേഖലാ കമ്മിറ്റി അംഗത്തെ ആക്രമിച്ച കേസിൽ അഞ്ച് എസ്.ഡി.പി.ഐ പ്രവർത്തകർ പിടിയിൽ. വെമ്പായം അർഷിദ് മൻസിലിൽ അർ‌ഷിദ് ഖാൻ(18),മേലെ തേക്കട ജന്നത്ത് വീട്ടിൽ അൻസർ(35),മണ്ണാംവിള ദാറുൾ ഇഷ്ക് വീട്ടിൽമുഹമ്മദ് അലി (37),കന്യാകുളങ്ങര തൗഫിയ മൻസിലിൽ തൗഫീഖ് എന്നിവരെയാണ് വെഞ്ഞാറമൂട് പൊലീസ് അറസ്റ്റു ചെയ്തത്. ഡി.വെെ.എഫ്.ഐ വെമ്പായം മേഖലാ കമ്മിറ്റി അംഗവും സി.പി.എം വെമ്പായം ബ്രാഞ്ച് കമ്മിറ്റി അംഗവുമായ ഷിഹാസ് ബാബു (30),സുഹൃത്ത് നിതിൻ ശങ്കർ (30) എന്നിവർക്ക് നേരെയായിരുന്നു ആക്രമണം. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തെ വെമ്പായം കൊപ്പത്തിന് സമീപം റോഡിൽ തടഞ്ഞ് നിറുത്തി ആക്രമിക്കുകയായിരുന്നു. പന്ത്രണ്ട് പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചതെന്ന് പരിക്കേറ്റവർ പറയുന്നു. പരിക്കേറ്റവർ കന്യാകുളങ്ങര ആശുപത്രിയിൽ ചികിത്സയിലാണ്.