ed

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതികളുടെയും സംരക്ഷകരുടെയും ബിനാമി, കള്ളപ്പണ ഇടപാടുകൾ കണ്ടെത്താൻ

എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണവും കേന്ദ്രസർക്കാർ ഉടൻ പ്രഖ്യാപിച്ചേക്കും. ഇ.ഡി അന്വേഷണം ഏറ്റെടുത്താൻ

പ്രതികളുടേയും അവരുമായി ബന്ധപ്പെട്ടവരുടേയും സ്വത്ത്, വരവ് കണക്കെടുപ്പും റെയ്ഡുമൊക്കെയായി അന്വേഷണം ശക്തമാകും.

ക്രമക്കേടുകൾ കണ്ടെത്തിയാൽ സ്വത്തുക്കൾ കണ്ടുകെട്ടാനും ഇ.ഡിക്കാവും. ഐ.എൻ.എക്‌സ് മീഡിയയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ മുൻകേന്ദ്രമന്ത്രി പി.ചിദംബരത്തെ, വീടിന്റെ മതിൽ ചാടിക്കടന്ന് പിടികൂടി തീഹാർ ജയിലിലടച്ചത് ഇ.ഡി ഉദ്യോഗസ്ഥരാണ്.

സംശയമുള്ള ആരുടെയും "സാമ്പത്തിക റൂട്ട്മാപ്പ്" പരിശോധിക്കുന്നതാണ് ഇ.ഡിയുടെ രീതി. സ്വർണക്കടത്തിൽ നേരിട്ട് പങ്കാളിത്തമില്ലെങ്കിലും ഒത്താശ ചെയ്തെന്ന പേരിൽ ഉന്നതരെ പിടികൂടാനും ഇ.ഡിക്കാകും.

വരവിൽ കവിഞ്ഞ് ഇരുപത് ശതമാനത്തിലേറെ സ്വത്തുണ്ടെങ്കിൽ ഇ.ഡിക്ക് വിശദമായ സ്വത്ത് പരിശോധന നടത്താം. സാമ്പത്തികമായി നേട്ടമുണ്ടാക്കിയെന്ന് സംശയിച്ച് പ്രതിയാക്കിയാൽ തെളിയിക്കേണ്ട ബാദ്ധ്യത കുറ്റാരോപിതനാവും. ഇ.ഡി അറസ്റ്റ് ചെയ്താൽ മൂന്നു മുതൽ ആറുമാസം വരെ ജാമ്യം കിട്ടില്ല. ബിനാമി ആക്ട്, ഇൻകംടാക്സ് ആക്ട്, ആന്റി മണിലോണ്ടറിംഗ് ആക്ട് എന്നിങ്ങനെ വിവിധ നിയമങ്ങളുടെ പിൻബലത്തിലാണ് ഇഡിയുടെ പ്രവർത്തനം. തുടരെത്തുടരെ റെയ്ഡുകളും നടപടികളുമാണ് ഇ.ഡി അന്വേഷണത്തെ വ്യത്യസ്തമാക്കുന്നത്. സ്വർണക്കടത്ത് കേസിൽ വിദേശത്ത് ഹവാല പണമിടപാട് നടന്നതിനാൽ ഫെമ (ഫോറിൻ മണി മാനേജ്‌മെന്റ് ആക്ട്) പ്രകാരം ഇ.ഡിക്ക് അന്വേഷിക്കാനാവും.

കുരുക്ക് മുറുകുമ്പോൾ

1)പണമൊഴുക്ക്

പതിനഞ്ച് കോടിയിലേറെ വിലയുള്ള സ്വർണമാണ് കള്ളക്കടത്ത് നടത്തിയത്. ഇത് വാങ്ങാൻ പണമെവിടെ നിന്ന് ലഭിച്ചെന്നും ഏതുവഴിയാണ് പണം വിദേശത്ത് എത്തിച്ചതെന്നും ഇ.ഡി അന്വേഷിക്കും. ഇതിനായി നയതന്ത്ര ചാനൽ ദുരുപയോഗിച്ചോയെന്നും അന്വേഷിക്കും.

2)ബിനാമി ഇടപാട്

കുറ്റകൃത്യത്തിൽ ഉൾപ്പെട്ടവരുടെ ബിനാമി ഇടപാടുകൾ പരിശോധിക്കും. സ്വപ്നയ്ക്ക് നഗരമദ്ധ്യത്തിൽ കൂറ്റൻ ഫ്ലാറ്റ്‌ സമുച്ചയമുണ്ടെന്നാണ് സൂചന. സന്ദീപിന് കേരളത്തിൽ 11 സ്ഥാപനങ്ങളുണ്ട്. പത്തനംതിട്ടയിലെ കാർ വ്യാപാര സ്ഥാപനം ജൂലായ് 11ന് മന്ത്രി ഉദ്ഘാടനം ചെയ്യാനിരുന്നതാണ്.

3)കണക്കില്ലാത്ത പണം

ഏറെക്കാലം ജോലിചെയ്ത എയർ ഇന്ത്യ സാറ്റ്സിൽ വെറും ഇരുപതിനായിരം രൂപയ്ക്കടുത്തായിരുന്നു സ്വപ്നയുടെ ശമ്പളം. കോൺസുലേറ്റിലും സ്പേസ് പാർക്കിലും ഒരുലക്ഷത്തിലേറെ ശമ്പളമുണ്ടായിരുന്നെങ്കിലും ഇവിടങ്ങളിൽ ജോലി ലഭിച്ചിട്ട് മൂന്നുവർഷമേ ആയിട്ടുള്ളൂ. സ്വത്തുക്കളുടെ സ്രോതസ് സ്വപ്നയ്ക്ക് വ്യക്തമാക്കേണ്ടിവരും.

4)മാപ്പുസാക്ഷി

കേസിൽ പങ്കാളിത്തമുള്ള ഒരാളെ മാപ്പുസാക്ഷിയാക്കി കേസ് ശക്തമാക്കുന്നത് ഇഡിയുടെ രീതിയാണ്. ഇതിന് നിയമസാധുതയുമുണ്ട്. ഒരാൾ ഇടപാടുകളെല്ലാം ഏറ്റുപറഞ്ഞ് മാപ്പുസാക്ഷിയായാൽ കേസ് കടുക്കും. ചിദംബരത്തിനെതിരായ കേസിൽ ഐ.എൻ.എക്സ് മീഡിയയുടെ ഡയറക്ടർമാരിൽ ഒരാളായ ഇന്ദ്രാണി മുഖർജിയെ ഇ.ഡി മാപ്പുസാക്ഷിയാക്കിയിരുന്നു.