വിതുര:കാത്തിരിപ്പിനൊടുവിൽ വിതുര പഞ്ചായത്തിലെ പൊന്നാംചുണ്ട് സാംസ്കാരിക നിലയം ഇന്ന് നാടിന് സമർപ്പിക്കും. നാട്ടുകാരുടെ നിരന്തര അഭ്യർത്ഥനയെ തുടർന്ന് 2015ലാണ് ഇവിടെ സാംസ്കാരിക നിലയം സ്ഥാപിക്കാൻ തീരുമാനിച്ചത്. ഇതിനായി പഞ്ചായത്ത് 7 ലക്ഷം രൂപ അനുവദിച്ചിരുന്നു. ശിലാസ്ഥാപനമടക്കം നടത്തിയെങ്കിലും പിന്നീട് നിർമ്മാണം മുടങ്ങി. വിഷയം ചൂണ്ടിക്കാട്ടി കേരളകൗമുദി നിരവധി തവണ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. പ്രതിഷേധം ശക്തമാകുന്നതിനിടെ പുതിയ പഞ്ചായത്ത് ഭരണസമിതി നിലവിൽ വരുകയും കേന്ദ്രത്തിനായി 20 ലക്ഷം കൂടി അനുവദിക്കുകയും ചെയ്തു. സാംസ്കാരിക നിലയം രണ്ട് നിലകളുള്ള കെട്ടിടമായി നിർമ്മിക്കാനായിരുന്നു തീരുമാനം. പിന്നീട് ജില്ലാ പഞ്ചായത്ത് 30 ലക്ഷം രൂപകൂടി അനുവദിക്കുകയും കെട്ടിട നിർമ്മാണം പൂർത്തിയാക്കുകയുമായിരുന്നു.
ഉദ്ഘാടനം ഇന്ന്
സാംസ്കാരികനിലയത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 4.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു നിർവഹിക്കും. വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരി, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ. വേലപ്പൻ, പൊന്നാംചുണ്ട് വാർഡ് മെമ്പർ മഞ്ജുഷ ആനന്ദ് എന്നിവർ പങ്കെടുക്കും.