cargo

തിരുവനന്തപുരം: വിമാനത്താവളത്തിലെ കാർഗോ കോംപ്ലക്സിൽ നിന്ന് സ്വർണം ഏറ്റുവാങ്ങി നഗരത്തിലെ ഒരു കേന്ദ്രത്തിലെത്തിച്ച ശേഷമാണ് സ്വപ്നയും സരിത്തും സന്ദീപും അടുത്ത കണ്ണികൾക്ക് കൈമാറിയിരുന്നതെന്ന് കസ്റ്റംസ്. സ്വകാര്യ കാറിലാണ് കോൺസുലേറ്റിലേക്കുള്ള കാർഗോ ഏറ്റുവാങ്ങാനെത്തിയത്. പിടിയിലാവും മുൻപ് ഏഴുതവണ ഇങ്ങനെ സ്വർണം കടത്തിയെന്നാണ് സരിത്തിന്റെ മൊഴി. വെളുത്ത ക്രെറ്റ കാറിലാണ് സ്വർണം കൊണ്ടുപോയതെന്നാണ് കസ്റ്റംസ് കണ്ടെത്തിയത്. ഈകാറിന്റെ ദൃശ്യങ്ങൾ കണ്ടെത്താൻ ജനുവരി മുതലുള്ള സിസിടിവി ദൃശ്യങ്ങൾ കസ്റ്റംസ് പൊലീസിനോട് ആവശ്യപ്പെട്ടെങ്കിലും ശംഖുംമുഖത്തെ വിമാനത്താവള കാർഗോ കോംപ്ലക്സിലും അവിടേക്കുള്ള റോഡിന്റെ ഇരുവശങ്ങളിലും തങ്ങളുടെ കാമറയില്ലെന്നായിരുന്നു മറുപടി.

വിമാനത്താവളത്തിലെ കാർഗോ കോംപ്ലക്സിൽ കാമറയുണ്ടെങ്കിലും അത് പൊലീസിന്റെ നിയന്ത്രണത്തിലല്ല. ആഭ്യന്തര വിമാനത്താവളത്തിനടുത്തും കാർഗോ ഏരിയയിലും റോഡിൽ പൊലീസ് കാമറകൾ സ്ഥാപിച്ചിട്ടില്ല. ബൈപ്പാസ് നിർമ്മാണം നടക്കുന്നതിനാൽ ചാക്കയിലും മറ്റുമുള്ള കാമറകളും പ്രവർത്തിക്കുന്നില്ല. പേട്ട ജംഗ്ഷനിലെ ഒരു കാമറ മാത്രമാണ് പ്രവർത്തിക്കുന്നത്. ഇതിലെ ദൃശ്യങ്ങൾ ഒരുമാസമേ സൂക്ഷിക്കാറുള്ളൂ. അതിനാൽ പൊലീസിന്റെ കാമറകളിൽ നിന്ന് തെളിവുകൾ കണ്ടെത്താൻ കസ്റ്റംസിന് കഴിയില്ലെന്നാണ് സൂചന. ദൃശ്യം ആവശ്യപ്പെട്ട് കസ്​റ്റംസ് അധികൃതരിൽ നിന്ന് ആവശ്യമുയർന്നില്ലെന്ന് പോലീസ് അറിയിച്ചതിന് പിന്നാലെ കസ്​റ്റംസിൽ നിന്ന് ഇക്കാര്യം ആവശ്യപ്പെട്ട് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് ഇ-മെയിൽ ലഭിച്ചു. തുടർന്ന് കസ്റ്റംസ് ആവശ്യപ്പെട്ട കാമറാ ദൃശ്യങ്ങൾ കൈമാറാൻ ഡി.ജി.പി സി​റ്റി പൊലീസ് കമ്മിഷണർക്ക് നിർദ്ദേശം നൽകി.

പിന്നാലെ, ഈ റോഡിൽ പൊലീസിന്റെ കാമറയില്ലെന്ന് കൺട്രോൾ റൂം അധികൃതർ കസ്റ്റംസിനെ അറിയിക്കുകയായിരുന്നു. മാദ്ധ്യമപ്രവർത്തകൻ കെ.എം ബഷീറിന്റെ മരണത്തിനിടയാക്കിയ അപകടം പോലും പൊലീസിന്റെ കാമറയിൽ ലഭിച്ചിരുന്നില്ല. ഗവർണർ അടക്കമുള്ള വി.വി.ഐ.പികൾ താമസിക്കുന്ന കവടിയാർ- മ്യൂസിയം ഭാഗത്ത് കാമറയില്ലെന്നത് അക്കാലത്ത് വിവാദമായിരുന്നു.

കാമറയിൽ തിരയുന്നത്

സ്വർണ്ണം പുറത്തേക്ക് കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനമേതാണ്

ഈ വാഹനത്തിൽ ആരൊക്കെയാണ് വിമാനത്താവളത്തിലെത്തിയത്

സർക്കാർ വാഹനങ്ങൾ ദുരുപയോഗം ചെയ്തിട്ടുണ്ടോ

നയതന്ത്റ കാര്യാലയത്തിലെ ആരെങ്കിലും ഇതിനായി വന്നിട്ടുണ്ടോ

കാർഗോ ഏറ്റുവാങ്ങിയശേഷം വാഹനം ഏതു വഴിക്കാണ് പോയത്

ഇനി എന്ത്

വിമാനത്താവള അതോറിട്ടിയുടെ കാമറകൾ പരിശോധിക്കാം

കാർഗോ കോംപ്ലക്സ് റോഡിൽ വ്യോമസേനയുടെ കാമറകളുണ്ട്

ആഭ്യന്തര വിമാനത്താവളത്തിനു മുന്നിലും കാമറകളുണ്ടാവാം

കാർഗോ കോംപ്ലക്സിൽ കെ.എസ്.ഐ.ഇയുടെ കാമറകളുണ്ട്