നടപടി മുന്നറിയിപ്പ് നൽകിയിട്ടും ഫലമില്ലാത്തതിനെ തുടർന്ന്
അഞ്ചാലുംമൂട്: മത്സ്യലേല ഹാളിന് സമീപം വാങ്ങാനെത്തിയ ആളുകൾ കൂട്ടംകൂടിയതിനെ തുടർന്ന് പൊലീസ് ലാത്തിവീശി. പ്രാക്കുളം, സാമ്പ്രാണിക്കോടി ഫിഷ് ലാൻഡിംഗ് സെന്ററിന് സമീപത്ത് ഇന്നലെ രാവിലെ ആറിനായിരുന്നു സംഭവം. നഗരത്തിലെ ലേലഹാളുകൾ അടച്ചതിനെ തുടർന്ന് ഇവിടെ കുറച്ചുദിവസങ്ങളായി അനിയന്ത്രിതമായി ആൾക്കൂട്ടമുണ്ടാകുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളായി പൊലീസ് മുന്നറിയിപ്പുകൾ നൽകിയെങ്കിലും ആൾക്കൂട്ടത്തിന് കുറവുണ്ടായില്ല.
ഇന്നലെ പുലർച്ചെ നാലിന് അഞ്ചാലുംമൂട് പൊലീസ് നേരിട്ടെത്തി മുന്നറിയിപ്പ് നൽകിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് കൂടുതൽ പൊലീസ് സ്ഥലത്തെത്തി കൂട്ടംകൂടി നിന്നവരെ വിരട്ടിയോടിക്കുകയായിരുന്നു. മത്സ്യം വാങ്ങാനായി വാഹനങ്ങളിലെത്തിയ മുപ്പതോളം പേരുടെ ലൈസൻസും അഞ്ചാലുംമൂട് പൊലീസ് പിടിച്ചെടുത്തു.
കൊവിഡ് പശ്ചാത്തലത്തെ തുടർന്ന് ലാൻഡിംഗ് സെന്ററിലെ ലേലം ആരും ഏറ്റെടുത്തിരുന്നില്ല. തൃക്കരുവ പഞ്ചായത്തിന്റെ മുന്നറിയിപ്പുകൾ അവഗണിച്ച് ഇവിടെ ലേലം നടക്കുന്നുണ്ടായിരുന്നു. രണ്ടു ദിവസം മുമ്പ് കടവൂർ സി.കെ.പി മാർക്കറ്റിലും അനിയന്ത്രിതമായ ആൾക്കൂട്ടം ഉണ്ടായതിനെ തുടർന്ന് പൊലീസ് മത്സ്യവിൽപ്പനയുൾപ്പെടെയുള്ളവ തടഞ്ഞിരുന്നു.