പേരൂർക്കട: പേരൂർക്കട സെക്‌ഷൻ പരിധിയിലെ പമ്പിംഗിനായുള്ള മോട്ടർ കത്തിപ്പോയതിനാൽ രണ്ടു ദിവസം പ്രദേശങ്ങളിൽ ജലവിതരണം തടസപ്പെട്ടു. പേരൂർക്കട, മണ്ണാമ്മൂല, ഇന്ദിരാനഗർ, കുടപ്പനക്കുന്ന്, എൻ.സി.സി റോഡ്, ചൂഴമ്പാല, പാതിരിപ്പള്ളി, പേരാപ്പൂര്, വയലിക്കട തുടങ്ങിയ പ്രദേശങ്ങളിലാണ് ജലവിതരണം തടസപ്പെട്ടത്. പേരൂർക്കട ലോ അക്കാഡമിക്കു സമീപത്താണ് വാട്ടർ അതോറിട്ടിയുടെ പമ്പ് ഹൗസ് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നാണ് ജലം പേരൂർക്കട ഭാഗത്തെ പ്രദേശങ്ങളിലേക്ക് പമ്പ് ചെയ്യുന്നത്. വ്യാഴാഴ്ച വൈകുന്നേരം മുതലാണ് പമ്പിംഗ് തടസപ്പെട്ടത്. കുടിവെള്ളത്തിന് പകരം സംവിധാനങ്ങളില്ലാത്തതിനാൽ ജനങ്ങൾ ആകെ ബുദ്ധിമൂട്ടിലായി. ഇന്നലെ വൈകിട്ടോടെ പമ്പിലെ തകരാർ പരിഹരിച്ച് ജലവിതരണം പുനഃസ്ഥാപിച്ചു. തകരാർ പരിഹരിച്ചെങ്കിലും ഏറെ വൈകിയാണ് ഉയർന്ന പ്രദേശങ്ങളിൽ ജലവിതരണം പുനരാരംഭിച്ചത്.