പരിയാരം: കണ്ണൂരെത്തിയ ഉത്തരേന്ത്യൻ സംഘത്തെ തട്ടിക്കൊണ്ടുപോയി തടങ്കലിലാക്കി മർദ്ദിച്ച സംഭവത്തിൽ വാദികളും പ്രതികളും കള്ളനോട്ട് മാഫിയയിൽപ്പെട്ടവരാണെന്ന സത്യം തെളിഞ്ഞത് മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ പരിശോധനയിൽ.
സൈബർ സെല്ലിന്റെ പരിശോധനയ്ക്ക് വിധേയമാക്കിയതിലൂടെയാണ് പൊലീസിന്റെ കണ്ണിൽ പൊടിയിട്ട് രക്ഷപ്പെടുവാനുള്ള സംഘത്തിന്റെ തന്ത്രം പൊലീസ് വിദഗ്ധമായി പൊളിച്ചത്.
തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.കെ.രത്നകുമാറിന്റെ നേതൃത്വത്തിലുള്ള ക്രൈംസ്‌ക്വാഡും പരിയാരം സി.ഐ കെ.വി.ബാബു, എസ്.ഐ എം.പി.ഷാജി, പഴയങ്ങാടി എസ്.ഐ ജയചന്ദ്രൻ, തളിപ്പറമ്പ് എസ്.ഐ പി.സി.സഞ്ജയ് കുമാർ എന്നിവരുൾപ്പെടുന്ന പ്രത്യേക അന്വേഷണ സംഘമാണ് ശാസ്ത്രീയമായ പരിശോധനകളിലൂടെ രണ്ടുദിവസത്തിനുള്ളിൽ ദുരൂഹതകളുടെ മറനീക്കി അഞ്ചുപേരെ അറസ്റ്റുചെയ്തത്.
മർദ്ദനമേറ്റവരുടെ മൊഴികളിൽ സംശയമുണ്ടായതിനെ തുടർന്ന് പൊലീസ് ഓരോരുത്തരെ പ്രത്യേകമായി ചോദ്യം ചെയ്യുകയായിരുന്നു.
ദ്വിഭാഷിയുടെ സഹായത്തോടെ ഇവരെ ചോദ്യം ചെയ്തതിലൂടെ സാനിറ്റൈസർ നിർമാണത്തിനെത്തിയതെന്ന മൊഴി കള്ളമാണെന്ന് പൊലീസിന് വ്യക്തമാകുകയായിരുന്നു.