youth

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം, കൊല്ലം, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട് തുടങ്ങി വിവിധ ജില്ലകളിൽ യൂത്ത് ലീഗ്, യുവമോർച്ച, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങി. പലയിടത്തും പോലീസും പ്രവർത്തകരും ഏറ്റുമുട്ടി. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.

കണ്ണൂരിൽ പിണറായിയിൽ മുഖ്യമന്ത്രിയുടെ വീട്ടിലേക്കും യൂത്ത് ലീഗ്,​ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ നടന്ന മാർച്ച് സംഘർഷത്തിൽ കലാശിച്ചു. കെ സുധാകരൻ എം. പി മാർച്ച് ഉദ്ഘാടനം ചെയ്തതിന് പിന്നാലെ,​ വീടിന് ഒരു കിലോമീറ്റർ ദൂരെ പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ചു. പൊലീസിനു നേരെ കല്ലും ചീമുട്ടകളും വലിച്ചെറിഞ്ഞു. അതോടെ ടിയർഗ്യാസും ജലപീരങ്കിയും പ്രയോഗിച്ച് പ്രവർത്തകരെ വിരട്ടിയോടിച്ചു. സംഘർഷത്തിൽ ഏതാനും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു.

തിരുവനന്തപുരത്ത് ലോക്‌ഡൗൺ കടുപ്പിച്ചത് കാരണം കാര്യമായ പ്രതിഷേധങ്ങൾ നടന്നില്ല. നെടുമങ്ങാട്ട് പത്താംകല്ലിൽ,​ സ്വർണക്കടത്തു കേസിൽ ഉൾപ്പെട്ട സന്ദീപ് നായരുടെ വർക്ക്ഷോപ്പിന് മുന്നിൽ യുവമോ‌ർച്ച നടത്തിയ പ്രതിഷേധമാണ് പ്രധാനം.

കണ്ണൂർ കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധിച്ച യൂത്ത് ലീഗ് മന്ത്രി ഇ. പി ജയരാജന്റെ വാഹനം തടഞ്ഞു.

കോഴിക്കോട്ട് യൂത്ത് ലീഗും യുവമോർച്ചയും നടത്തിയ കളക്ടറേറ്റ് മാർച്ചിനു നേരെ പോലീസ് ലാത്തിയും ജലപീരങ്കിയും നിരവധി തവണ ഗ്രനേഡും പ്രയോഗിച്ചു. ഇരു സംഘടനകളുടെയും നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.

യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ് ഉൾപ്പെടെ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. കല്ലേറിൽ രണ്ട് പൊലീസുകാർക്കും സംഘർഷത്തിൽ

നാല് മാദ്ധ്യമ പ്രവർത്തകർക്കും പരിക്കേറ്റു.

യൂത്ത് ലീഗാണ് ആദ്യം പ്രതിഷേധിച്ചത്. കളക്ടറേറ്റിൽ മന്ത്രി ടി.പി.രാമകൃഷ്ണന്റെ കൊവിഡ് അവലോകന യോഗമായിരുന്നതിനാൽ കവാടത്തിൽ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചിരുന്നു. പ്രവർത്തകർ ബാരിക്കേഡിന് മുകളിലൂടെ അകത്തേക്ക് കടക്കാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സമരക്കാർ പിരിയാത്തതിനെ തുടർന്ന് പൊലീസ് ഗ്രനേഡ് എറിഞ്ഞതോടെ പ്രവർത്തകർ ചിതറി ഓടി. കൂട്ടമായി തിരിച്ചെത്തിയ പ്രതിഷേധക്കാർ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതോടെ പൊലീസ് സംഘം നേതാക്കളെയും പ്രവർത്തകരെയും വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു.

യൂത്ത് ലീഗ് മാർച്ചിന് പിന്നാലെ യുവമോർച്ചക്കാർബാരിക്കേഡ് തകർക്കാൻ ശ്രമിച്ചു. ജലപീരങ്കി പ്രയോഗിച്ചതിനിടെ പൊലീസിനെ കല്ലെറിഞ്ഞതോടെ ലാത്തിചാർജ് ആരംഭിച്ചു.

കണ്ടാലറിയാവുന്ന നൂറോളം യൂത്ത് ലീഗ്കാർക്കും നൂറോളം യുവമോർച്ചക്കാർക്കും എതിരെ പൊലീസ് കേസെടുത്തു. അനുമതി ഇല്ലാതെയാണ് രണ്ട് സംഘടനകളും മാർച്ച് നടത്തിയതെന്ന് സിറ്റി പൊലീസ് ചീഫ് എ.വി.ജോർജ് പറഞ്ഞു

കൊല്ലത്ത് കെഎസ് യു പ്രവർത്തകരുടെ നേതൃത്വത്തിൽ കമ്മിഷണർ ഓഫീസിലേക്കും പ്രതിഷേധമാർച്ച് സംഘടിപ്പിച്ചു.