തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ മുന്നൊരുക്കങ്ങളില്ലാതെയാണ് ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതീവ ജാഗ്രത കാണിക്കേണ്ട പൂന്തുറ, ആര്യനാട് പ്രദേശങ്ങൾ അടച്ചുപൂട്ടിയപ്പോൾ ഇവർക്ക് ആഹാരവും മറ്റ് അവശ്യസാധനങ്ങളും കിട്ടുന്നില്ലെന്ന പരാതി ഏറെയാണ്. ഇവർക്ക് സൗജന്യ ഭക്ഷണക്കിറ്റുകൾ എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. മാത്രമല്ല, ഇവിടെനിന്നും ആന്റി ബോഡി ടെസ്റ്റിൽ പോസിറ്റീവ് ആയി വർക്കലയിലും കാരക്കോണത്തും കൊണ്ടുപോയവർക്ക് മരുന്നും ആഹാരവും ലഭിക്കുന്നില്ല. അടിയന്തരമായി ഇവർക്ക് ആവശ്യമായവ എത്തിക്കണം. ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ കുടുംബശ്രീയുടെ എട്ട് ഹോട്ടലുകൾ വഴി ആഹാരം കിട്ടാത്തവർക്ക് നൽകുമെന്നാണ് സർക്കാർ അിറയിച്ചത്. ഇവയൊന്നും തുറന്നു പ്രവർത്തിക്കുന്നില്ലെന്നാണ് ഇപ്പോൾ കിട്ടുന്ന വിവരമെന്നും ചെന്നിത്തല പറഞ്ഞു. നഗരത്തിൽ രാവിലെ 7 മുതൽ 11 വരെ മാത്രമാണ് അവശ്യവസ്തുക്കൾ കിട്ടുന്നത്. ഇത് വൈകിട്ട് മൂന്നുവരെയെങ്കിലും ആയി നീട്ടണം.