തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻെറ കൊവിഡ് പോരാട്ടത്തെ അട്ടിമറിക്കാൻ ചില ശക്തികൾ ബോധപൂർവം ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു.
കൊവിഡ് സാമൂഹിക വ്യാപനഭീതിയിൽ കേരളം നിൽക്കുമ്പോൾ അതൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന രീതിയിൽ ഒരുകൂട്ടർ ഒരുമ്പെട്ടിറങ്ങിയിരിക്കുകയാണ്. സമരവുമായി ഇറങ്ങുന്നവരെ നിരുത്സാഹപ്പെടുത്താനാണ് ശ്രമിക്കുന്നത്. അതവർ ഉൾക്കൊണ്ടില്ലെങ്കിൽ മറ്റ് നടപടികൾ സ്വീകരിക്കേണ്ടി വരും. നിരോധന മേഖലകളിൽ പൊലീസ് ഇടപെടാത്തത് ദൗർബല്യമായി കരുതേണ്ട.
രോഗം ആസുരഭാവത്തോടെ അഴിഞ്ഞാടുന്ന സമയമാണിത്. കെട്ടുറപ്പോടെയുള്ള രോഗപ്രതിരോധത്തെ ദുർബലപ്പെടുത്തുന്ന നടപടിയുമായി ആരും മുന്നോട്ട് പോകരുത്. കൊവിഡ് പ്രതിരോധത്തിൽ മാതൃക ക്യൂബ, വിയറ്റ്നാം, തായ് ലാൻഡ് എന്നീ രാജ്യങ്ങളാണ്. ചികിത്സയിലും എെസലോഷൻ സെൻറർ ഒരുക്കുന്നതിലും ക്യൂബയുടെ മാതൃകയാണ് കേരളത്തിൽ നടപ്പാക്കുന്നത്. വളരെ നേരത്തേ മുന്നൊരുക്കം നടത്തിയ വിയറ്റ്നാം രീതിയും നടപ്പിലാക്കി.
സാമൂഹിക അകലം പാലിച്ചും പ്രതിരോധ പ്രവർത്തനങ്ങളിലൂടെയും കേരളം ശരിയായ പാതയിലാണ് . രോഗം നിയന്ത്രണാതീതമായി പടർന്ന് പിടിക്കുന്നത് അനുവദിക്കാനാവില്ല. . തിരുവനന്തപുരം നഗരത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പിലാക്കേണ്ടി വന്നത് നിയന്ത്രണ ലംഘനം പരിധിവിട്ടതിനാലാണ്.
ഇന്ത്യയിലെ പ്രധാനനഗരങ്ങളെല്ലാം കൊവിഡിന് മുന്നിൽ മുട്ടുമടക്കി. ബംഗളുരുവിന് പോലും കാലിടറുന്നു . ചെന്നൈയിലും അതിവേഗത്തിൽ രോഗം വ്യാപിക്കുകയാണ്. കേരളത്തിന് ശേഷമാണ് ഇവിടങ്ങളിൽ ആദ്യ രോഗികളുണ്ടായത്. ഏതെങ്കിലും സ്ഥലത്ത് രൂപം കൊള്ളുന്ന ക്ളസ്റ്റർ മൾട്ടിപ്പിൽ ക്ളസ്റ്ററായി രോഗവ്യാപനത്തിലെത്തുന്നു. സമാനസാഹചര്യമാണ് ഇവിടത്തെ സൂപ്പർ സ്പ്രഡ് മേഖലയിൽ. രോഗം വേഗം പടർന്ന് പിടിക്കാം. വ്യാപിക്കാൻ അധികസമയം വേണ്ടിവരില്ല. വലിയ ദുരന്തത്തെയാണ് അഭിമുഖീകരിക്കുന്നത്- മുഖ്യമന്ത്രി പറഞ്ഞു.