കുട്ടനാട്: ബംഗളൂരുവിൽ നിന്ന് എത്തി വീട്ടിൽ നീരിക്ഷണത്തിൽ കഴിഞ്ഞു വന്ന വൃദ്ധ കൊവിഡ് ബാധിച്ചു മരിച്ചു. വെളിയനാട് ഗ്രാമപഞ്ചായത്ത് കിടങ്ങറ കളരിപ്പറമ്പ് ത്രേസ്യാമ്മ തോമസ് (95) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ആഹാരം കഴിച്ച ശേഷം ഉറങ്ങാൻ കിടന്ന ത്രേസ്യാമ്മ ഇന്നലെ നേരം പുലർന്നിട്ടും ഉണരാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ വിളിച്ചപ്പോഴാണ് മരിച്ചതായി കണ്ടത്. തുടർന്ന് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. കൊച്ചുമകന്റെ വിഹാഹചടങ്ങിൽ പങ്കെടുക്കുന്നതിനായികഴിഞ്ഞ ഡിസംബറിൽ ബംഗളൂരുവിലേക്ക് പോയതായിരുന്നു. ഇടയ്ക്ക് നാട്ടിലേക്ക് വരാൻ ഒരുങ്ങിയപ്പോഴായിരുന്നു ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ കാറിൽ കിടങ്ങറയിലെ വീട്ടിലെത്തിയ ത്രേസ്യാമ്മ നിരീക്ഷണത്തിൽകഴിഞ്ഞു വരികയായിരുന്നു. കഴിഞ്ഞ രണ്ടുദിവസമായി ചില ശാരീരിക പ്രശ്നങ്ങൾ ഇവരെ അലട്ടിയിരുന്നതായാണ് വിവരം. മൃതദേഹം കൂടുതൽ പരിശോധനകൾക്കും മറ്റുമായി കായംകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.മക്കൾ :ജോസഫ് അപ്പച്ചൻകുഞ്ഞ്, ലാലിമ്മ, സിബിച്ചൻ, ജോമോൻ, തോമസുകുട്ടി. മരുമക്കൾ :ബീന, വത്സമ്മ, തോമസുകുട്ടി, ജെസി, ബ്രെയിറ്റി.