തിരുവനന്തപുരം : സംസ്ഥാനത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 400 കടന്നു. 416 പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. 204 പേർക്ക് സമ്പർക്കത്തിലൂടെയാണ് . ഇതിൽ 122 പേരും തിരുവനന്തപുരത്താണ്. സമ്പർക്ക കേസുകൾ വർദ്ധിക്കുന്നത് അപകടക സൂചനയാണെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
വൻനഗരങ്ങളായ ബംഗളുരുവിനും, ചെന്നെയ്ക്കും സമാനമായ സാഹചര്യമാണ് സംസ്ഥാനത്തുണ്ടായ സൂപ്പർ സ്‌പ്രെഡ്. ശ്രദ്ധിച്ചില്ലെങ്കിൽ കരുതുന്നതിലും വേഗത്തിൽ രോഗം പടരും. ജൂൺ പകുതിയിൽ 9.63 ശതമാനമായിരുന്നു സമ്പർക്ക കേസുകളുടെ തോത്. ജൂൺ 27ന് 5.11 ശതമാനമായി. ജൂൺ 30ന് 6.16 ശതമാനം. ജൂലായ് 9ന് 20.64 ശതമാനമായി ഉയർന്നു. ഇന്നലെ 14 പുതിയ ഹോട്ട് സ്‌പോട്ടുകൾ..ആകെ 194 ഹോട്ട് സ്‌പോട്ടുകൾ.
സമൂഹവ്യാപനം:
തർക്കം വേണ്ട
സാമൂഹ്യ വ്യാപനം തർക്ക വിഷയമാക്കേണ്ടതില്ലെന്നും സാമൂഹത്തിൽ കൂടുതലാളുകൾക്ക് രോഗസാധ്യതയുണ്ടെന്ന് കരുതി ടെസ്റ്റിംഗ് വർദ്ധിപ്പിക്കാനും ചികിത്സാ സംവിധാനങ്ങൾ വിപുലീകരിക്കാനുമാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചാൽ സ്വകാര്യ മേഖലയുമായി സഹകരിച്ച് എല്ലാവർക്കും ചികിത്സാ ഉറപ്പാക്കും .
തിരുവനന്തപുരത്ത്
കൊവിഡ് മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം മെഡി. കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പുന്തുറ മാണിക്യവിളാകം സ്വദേശിയായ സൈഫുദീനാണ് (66) മരിച്ചത്. പ്രമേഹവും വാർദ്ധക്യസഹജമായ അസുഖങ്ങളും ഉണ്ടായിരുന്നു. ഇന്നലെ രാവിലെയായിരുന്നു മരണം. എന്നാൽ സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ സംസ്ഥാനത്ത കൊവിഡ് മരണം 28ആയി. പൂന്തുറ ആയുഷ് ആശുപത്രിയ്ക്ക് സമീപം മെഡിക്കൽ സ്റ്റോർ നടത്തുന്നയാളാണ്. നാലുദിവസം മുൻപാണ് ഇദ്ദേഹത്തിനും മകനായ മെഡിക്കൽ റെപ്പിനും രോഗം സ്ഥിരീകരിച്ചത്. വ്യാഴാഴ്ച അദ്ദേഹത്തിൻെറ മറ്റൊരു മകനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.