aksaseendran

തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസ് ഉൾപ്പെടെയുള്ള സേവനങ്ങൾ ഓൺലൈൻ വഴിയാക്കുന്നത് ആലോചനയിലാണെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. വർക്കല സബ് ആർ.ടി ഓഫീസിന്റെ ഉദ്ഘാടനം വീഡിയോകോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആർ.ടി ഓഫീസുകൾ ഇല്ലാത്ത താലൂക്കുകളിൽ അവ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. കെ.എൽ 81 ആണ് വർക്കലയുടെ രജിസ്‌ട്രേഷൻ നമ്പർ.ആർ.ടി.ഒ, ഒരു വെഹിക്കിൾ ഇൻസ്‌പെക്ടർ, രണ്ട് അസി. വെഹിക്കിൾ ഇൻസ്‌പെക്ടർമാർ, ഒരു അക്കൗണ്ടന്റ്, രണ്ട് ക്ലറിക്കൽ സ്റ്റാഫ് എന്നിവർ പുതിയ ഓഫീസിന്റെ പ്രവർത്തനത്തിനായി ആദ്യ ഘട്ടത്തിലുണ്ടാകും.

ചടങ്ങിൽ വി.ജോയി എം.എൽ.എ. അദ്ധ്യക്ഷനായിരുന്നു. അടൂർ പ്രകാശ് എം.പി, നഗരസഭാ ചെയർപേഴ്സൺ ബിന്ദു ഹരിദാസ്, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അടുക്കൂർ ഉണ്ണി, ഇലകമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. സുമംഗല, ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത.എസ്. ബാബു, വെട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസീം ഹുസൈൻ, വർക്കല ജോയിന്റ് ആർ.ടി.ഒ. എ.കെ ദിലു തുടങ്ങിയവർ പങ്കെടുത്തു.