കിളിമാനൂർ: നഗരൂർ പഞ്ചായത്തിലെ ചെമ്പരത്ത്മുക്ക് വാർഡ് സ്വദേശിയായ എ.ആർ ക്യാമ്പിലെ പൊലീസുകാരന് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് പഞ്ചായത്തിൽ ഇയാളുടെ പ്രൈമറി സമ്പർക്ക പട്ടികയിലുണ്ടായിരുന്നവരുടെ കൊവിഡ് പരിശോധന നടത്തിയതിൽ ഇരുപത് പേരുടെ ഫലം നെഗറ്റീവായി.നാൽപത്തിയെട്ടപേരിൽ ഇരുപത് പേരുടെ പരിശോധനാഫലം നെഗറ്റീവാണെന്ന് ഡി. എം. ഒ ഓഫീസിൽ ചുമതലയുള്ള ഡോ. ദീപ അറിയിച്ചു. 22 പേരുടെ സ്രവം വെള്ളിയാഴ്ച വീണ്ടും പരിശോധനയ്ക്കായി എടുത്തു. കൊവിഡ് 19 സ്ഥിരീകരിച്ച പൊലീസുകാരന്റെ ഭാര്യ, രണ്ട് മക്കൾ, ഒരു ലാബ് ടെക്നീഷ്യൽ, ആറ്റിങ്ങൽ ഒരു കടയിലെ ജീവനക്കാരൻ, കൊല്ലത്തുള്ള മറ്റൊരാൾ എന്നിവർ സ്രവം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പരിശോധനക്കായി നൽകിയിട്ടുണ്ട്.ഈ പരിശോധന ഫലവും ഉടനെ ലഭിക്കും. നിലവിൽ ശനിയാഴ്ച വരെ ചെമ്മരത്തുമുക്ക് വാർഡ് കണ്ടെയ്ൻമെന്റ് സോണായി ജില്ലാ ഭരണനേതൃത്വം പ്രഖ്യാപിച്ചിട്ടുണ്ട്.ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും തികഞ്ഞ ജാഗ്രതമതിയെന്നും ബി. സത്യൻ എം. എൽ .എ അറിയിച്ചു.പഞ്ചായത്ത് പ്രസിഡന്റ് എം.രഘു,താലൂക്ക് ഓഫീസർ മനോജ്, പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമായി തുടരുന്നുണ്ട്