cm

തിരുവനന്തപുരം: നാടിന്റെ സാമ്പത്തിക ഭദ്രതയെ അടക്കം തകർക്കുന്ന അതിതീവ്ര കുറ്റകൃത്യങ്ങൾ തടയാൻ സംസ്ഥാനത്തിന് മാത്രമായുള്ള പ്രത്യേക നിയമനിർമ്മാണം ആലോചിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

മുൻകാല സ്വർണക്കടത്ത് കേസുകളും അന്വേഷിക്കുമെന്ന് എൻ.ഐ.എ പറഞ്ഞതോടെ പലരുടെയും നെഞ്ചിടിപ്പ് കൂടിയെന്ന് മുഖ്യമന്ത്രി പരിഹസിച്ചു.

സ്വർണക്കടത്ത് കേസിൽ എൻ.ഐ.എ നടപടികൾ തുടരട്ടെ. അതിലെന്താണ് പ്രശ്നം. ഫലപ്രദമായി അന്വേഷിക്കാൻ പറ്റിയ ഏജൻസിയാണല്ലോ എൻ.ഐ.എ. അപ്പോൾ സി.ബി.ഐയേ പറ്റൂ എന്നെങ്ങനെയാണ് പറയുക?

കേസിലുൾപ്പെട്ട സ്ത്രീയുമായി ബന്ധമുണ്ടായതിന്റെ പേരിലാണ് ശിവശങ്കറിനെ ഒഴിവാക്കിയത്. വിവാദ വനിത വ്യാജ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ജോലി നേടിയോ എന്ന് പരിശോധിക്കും.

എൻ.ഐ.എയുടെ തലപ്പത്തിരുന്നയാളാണ് ഡി.ജി.പി ലോക്‌നാഥ് ബെഹ്റ എന്നതിനാൽ കേസന്വേഷണത്തെ സ്വാധീനിക്കാനിടയുണ്ടെന്ന പ്രതിപക്ഷ ആരോപണത്തെപ്പറ്റി ചോദിച്ചപ്പോൾ, ഏത് ഉദ്യോഗസ്ഥൻ ഏത് സ്ഥലത്തിരുന്നു എന്നൊന്നും നമ്മളിപ്പോൾ അന്വേഷിച്ച് പോകേണ്ടതില്ല എന്നായിരുന്നു മറുപടി. അന്വേഷണം ആരംഭിച്ച് കഴിഞ്ഞാലുണ്ടാകുന്ന ചില കാര്യങ്ങളിൽ ആശങ്കയുള്ളവരാണ് ഇത്തരം വാദങ്ങളുമായി വരുന്നത്. ഉപ്പു തിന്നവൻ വെള്ളം കുടിക്കട്ടെ. അതിലെന്തിനാണ് പ്രയാസപ്പെടുന്നത്?

സി.സി ടി.വി ദൃശ്യങ്ങൾ കസ്റ്റംസ് ചോദിച്ചിട്ട് പൊലീസ് കൊടുത്തില്ലെന്ന പച്ച നുണ അവർ അതു ചോദിക്കുന്നതിന് മുമ്പുതന്നെ ചില മാദ്ധ്യമങ്ങൾ പ്രചരിപ്പിച്ചു. കേസന്വേഷണത്തിൽ പൊലീസിനോട് എൻ.ഐ.എ ആവശ്യപ്പെടുന്നത് ചെയ്തുകൊടുക്കും.

സ്വപ്നയുടെ ശബ്ദരേഖയ്ക്കു പിന്നിൽ സർക്കാർ ഒത്താശയെന്ന പ്രതിപക്ഷ ആക്ഷേപത്തെപ്പറ്റി ചോദിച്ചപ്പോൾ, എന്തും പറയാൻ നിൽക്കുന്നവർ പാടുന്നത് അതേപടി എടുത്ത് പാടാൻ എന്തിനാണ് നിങ്ങൾ നിൽക്കുന്നത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. നിങ്ങൾ നിങ്ങളുടേതായ ബുദ്ധി ഉപയോഗിക്കൂ- മുഖ്യമന്ത്രി പറഞ്ഞു.

മുൻകേലകേ