car

തിരുവനന്തപുരം: സ്വർണക്കടത്തുകേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും എവിടെയുണ്ടെന്ന സൂചനപോലും പുറത്തുവരാത്തവിധം സുരക്ഷിത കേന്ദ്രത്തിൽ തുടരുന്നു. തെരച്ചിൽ തുടരുന്ന കസ്റ്റംസ് അഭ്യൂഹങ്ങൾക്കനുസരിച്ച് പലവഴിക്കും പായുകയാണ്.കുറ്റാലത്ത് കണ്ടേക്കാമെന്ന സംശയത്തിൽ അവിടെ പരിശോധന നടത്തി.പാലോട് നിന്നു കുളത്തൂപ്പഴ വഴി തമിഴ്നാട്ടിലേക്ക് കടന്നെന്ന അഭ്യൂഹത്തെ തുടർന്നാണ് കു​റ്റാലത്ത് തെരച്ചിൽ നടത്തിയത്.

തെങ്കാശിയിലേക്കുള്ള പാതയിൽ സഞ്ചരിച്ച ഈ കാറിൽ സ്വപ്നയെക്കൂടാതെ മറ്റൊരു സ്ത്രീയും ഉണ്ടായിരുന്നതായി പറയുന്നു. തിങ്കഴാഴ്ച രാവിലെ 10.40ന് നന്ദിയോട് താന്നിമൂടിനു സമീപത്തുവെച്ചാണ് കാർ പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. ഒരു സ്ത്രീ നന്ദിയോട് സ്വദേശിയോട് മങ്കയത്തേക്കുള്ള വഴി ചോദിച്ചു. കാറിൽ മറ്റൊരു സ്ത്രീയും ഉണ്ടയായിരുന്നുവെന്നാണ് പറയുന്നത്.

മഴയായതിനാൽ സി.സി.ടി.വി ദൃശ്യങ്ങളിൽ കാറിന്റെ നമ്പർ വ്യക്തമല്ല. പാതയിലെ മ​റ്റ് സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിക്കാൻ പൊലീസും കസ്റ്റംസും ശ്രമിക്കുന്നുണ്ട്.സ്വപ്നയെ പിടികൂടാൻ എൻ.ഐ.എയും രംഗത്തുണ്ട്.

2014 ൽ സ്വർണക്കടത്ത് കേസിൽ പിടിയിലായ സന്ദീപ് പൂജപ്പുരയിൽ താമസിച്ചിരുന്നപ്പോൾ അന്വേഷണ സംഘത്തെ വെട്ടിച്ച് രക്ഷപ്പെട്ട വ്യക്തിയാണ്. തുടർന്ന് നെടുമങ്ങാട് മേലാങ്കോടും പിന്നീട് മഞ്ചയിലേക്കും താമസം മാ​റ്റി. ഇപ്പോൾ ഇരുമ്പയിൽ വാടകവീട് എടുത്തിട്ടുണ്ട്.
ഇയാൾക്ക് കോഴിക്കോട് വൻ സൗഹൃദവലയം ഉള്ളതായി സൂചനയുണ്ട്. സൗമ്യയെ പ്രണയിച്ചാണ് വിവാഹം കഴിച്ചത്. സന്ദീപിന്റെ പശ്ചാത്തലം അറിഞ്ഞ സൗമ്യയുടെ ബന്ധുക്കൾ വിവാഹത്തെ എതിർത്തിരുന്നു.