cm

തിരുവനന്തപുരം: കൊവിഡ് സൂപ്പർ സ്പ്രെഡ് സംഭവിച്ച പൂന്തുറ മേഖലയിൽ പഴുതടച്ച രോഗപ്രതിരോധ മാർഗങ്ങൾ നടപ്പാക്കുമ്പോൾ തെറ്റായ പ്രചാരണവും അട്ടിമറി നീക്കവുമായി ചിലർ ഇറങ്ങുകയാണെന്നും, ദൗർഭാഗ്യവശാൽ യു.ഡി.എഫ് നേതാക്കളാണ് അതിന് മുന്നിലെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ രൂക്ഷ വിമർശനം.

രോഗസാദ്ധ്യതയുള്ളവരെ ആന്റിജൻ ടെസ്റ്റിന് വിധേയരാക്കുന്നതിനെതിരെ ഒരു യൂത്ത് കോൺഗ്രസ് നേതാവ് വാട്സാപ്പിലൂടെ പ്രചാരണം നടത്തി. ആന്റിജൻ ടെസ്റ്റിൽ ജലദോഷമുണ്ടെങ്കിൽ പോലും പോസിറ്റീവാകുമെന്നും, നിരീക്ഷണകേന്ദ്രത്തിൽ പോയാൽ കൊവിഡ് ബാധിക്കുമെന്നുമാണ് പ്രചാരണം. ടെസ്റ്റ് രോഗഭീതി പരത്താനാണെന്നും പൂന്തുറക്കാരോടുള്ള പ്രത്യേക വൈരാഗ്യം തീർക്കാനാണെന്നും പ്രചാരണമുണ്ടായി. തെരുവിലിറങ്ങിയാൽ സർക്കാർ സഹായം കിട്ടുമെന്ന ദുർബോധനവും നടന്നു.

ഇതിന്റെ ഫലമായാണ്, കാരക്കോണം മെഡിക്കൽ കോളേജിലുള്ള കൊവിഡ് രോഗികളായ ബന്ധുക്കൾക്ക് ഭക്ഷണവും കുടിവെളളവും മരുന്നും ലഭിക്കുന്നില്ലെന്നാരോപിച്ച് സ്ത്രീകളടക്കമുള്ള 100 പേരടങ്ങുന്ന സംഘം ഇന്നലെ രാവിലെ ചെറിയമുട്ടത്ത് തടിച്ചുകൂടിയത്.. മാണിക്യവിളാകം, പുത്തൻപള്ളി, പൂന്തുറ എന്നിവിടങ്ങളിലെ മൊത്തം രോഗികളുടെ എണ്ണമാണ്വൈകുന്നേരങ്ങളിൽ പ്രഖ്യാപിക്കുന്നതെങ്കിലും പൂന്തുറയിലെ രോഗികളെന്ന പേരിലാണ് വാർത്ത വരുന്നത്. ഇത് പൂന്തുറ നിവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ചിലർ ആരോപിച്ചു.പൂന്തുറയിൽ പ്രശ്നമുണ്ടാകുമ്പോൾ , മറ്റൊരു സ്ഥലത്തിന്റെ പേര് പറയാനാകില്ലല്ലോ. അതാരെയും വിഷമിപ്പിക്കാനല്ല, ജാഗ്രതപ്പെടുത്താനാണ്.

പ്രതിരോധ പ്രവർത്തനങ്ങളെ തെറ്റായ സങ്കുചിത പ്രചാരണങ്ങളിലൂടെ കീഴ്‌പ്പെടുത്താമെന്ന് വന്നാൽ നാളെ ഒരിടത്തും ഒന്നും ചെയ്യാൻ പറ്റാതാവും. നിയന്ത്രണങ്ങൾക്ക് ചിലർ മറ്റു മാനങ്ങൾ നൽകുന്നതാണ് വിഷപ്രയോഗം. രോഗപ്രതിരോധ പ്രവർത്തനങ്ങളുമായി നല്ല രീതിയിൽ സഹകരിക്കുന്ന ജനങ്ങലെ ദുഷ്പ്രചാരണങ്ങളിലൂടെ വിഷമിപ്പിക്കരുത്. ആന്റിജൻ ടെസ്റ്റിനെ മറ്റൊരു തരത്തിൽ പ്രചരിപ്പിക്കുന്നത് സമൂഹത്തോടുള്ള അക്രമവും വെല്ലുവിളിയുമാണ്. ഒരു പ്രദേശത്തെയും ജനതയെയും ഗുരുതരമായ വിപത്തിലേക്ക് തള്ളിയിട്ട് ഇക്കൂട്ടർക്ക് എന്തു രാഷ്ട്രീയ നേട്ടമാണുള്ളത്?

വ്യാജവാർത്തകളും വിവരങ്ങളും അഭ്യൂഹങ്ങളും മറ്റും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും. സമാധാനാന്തരീക്ഷത്തിന് തടസ്സം വരുത്തുന്ന പ്രവർത്തനങ്ങൾ മുളയിലേ നുള്ളാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ബോധപൂർവം നേതൃത്വം വഹിച്ചവരെ നിയമത്തിനു മുമ്പിലെത്തിക്കും. വ്യാജ മത്സ്യവിതരണ ലോബിക്ക് വേണ്ടി കൊവിഡ് പരിഭ്രാന്തി പരത്തുന്നുവെന്നാണ് മറ്റൊരു പ്രചാരണം. ആരോഗ്യപ്രവർത്തകരെ ബാരിക്കേഡ് സൃഷ്ടിച്ച് തടയാനും ശ്രമമുണ്ടായി. ഇതൊക്കെ.,കൃത്യമായ ലക്ഷ്യത്തോടെ ചിലർ ചെയ്യിക്കുന്നതാണ്. അതിനുപിന്നിൽ പ്രതിപക്ഷ നേതൃത്വമാണെന്നാണ് സൂചനയെന്നും മുഖ്യമന്ത്രി പറഞ്ഞു.