cm

തിരുവനന്തപുരം: കൊവിഡിൻെറ ആന്റിജൻ ടെസ്റ്റിനെപറ്റി തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊവിഡ് സ്‌ക്രീനിങ്ങിനായി ആന്റിജൻ ടെസ്റ്റാണ് പരക്കെ ഉപയോഗിക്കുന്നത്. ഇതിനെ മറ്റൊരർത്ഥത്തിൽ പ്രചരിപ്പിക്കുന്നത് അക്രമവും വെല്ലുവിളിയുമാണ്.

പി.സി.ആർ ടെസ്റ്റിൽ വൈറസിന്റെ ന്യൂക്ലിയിക്ക് ആസിഡ് ഭാഗവും ആന്റിജൻ ടെസ്റ്റിൽ പ്രോട്ടീൻ ഭാഗവുമാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. പി.സി.ആർ ടെസ്റ്റ് റിസൾട്ട് കിട്ടാൻ ആറു മണിക്കൂർ വരെ വേണ്ടിവരും. ആന്റിജൻ ടെസ്റ്റിന് അരമണിക്കൂർ സമയം മതി. ലാബോറട്ടറിയിൽ അയക്കേണ്ടതില്ല. രണ്ടിനും പരിമിതികളുമുണ്ട്. രോഗം ഭേദമായി കഴിഞ്ഞാലും ചിലരിൽ പി.സി.ആർ ടെസ്റ്റ് പോസിറ്റീവ് ആയെന്ന് വരാം. വൈറസിന്റെ ചില ഭാഗങ്ങൾ തുടർന്നും പുറത്തുവരുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ സാഹചര്യത്തിൽ ആന്റിജൻ ടെസ്റ്റ് ചെയ്താൽ നെഗറ്റീവായിരിക്കും.

ടെസ്റ്റുകളുടെ എണ്ണം ഇനിയും വർദ്ധിപ്പിക്കും. ഏകോപനത്തിനും പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും സംസ്ഥാന,ജില്ലാ തലങ്ങളിൽ സംവിധാനമുണ്ടാക്കും. സംസ്ഥാനതലത്തിൽ റോഡൽ ഓഫീസറെ നിയമിക്കും.