തിരുവനന്തപുരം: നഗരത്തിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ലംഘിച്ച 154പേർക്കെതിരെ കേസെടുത്തതായി സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായ അറിയിച്ചു. അനാവശ്യ യാത്ര നടത്തിയ 52 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ 158 പേർക്കെതിരെയും കേസെടുത്തു. സാമൂഹിക അകലവും സമയക്രമവും പാലിക്കാതെ പ്രവർത്തിച്ച 21 കടകൾ പൂട്ടിക്കാനും ശുപാർശ നൽകി. 43 ഇരുചക്രവാഹനങ്ങളും 2 ആട്ടോറിക്ഷകളും 6 കാറുകളും ഒരു ലോറിയുമാണ് ഇന്നലെ പിടിച്ചെടുത്തത്. ഈ വാഹനങ്ങൾ ലോക്ക്ഡൗൺ കഴിഞ്ഞശേഷമേ വിട്ടു നൽകൂ.
മാസ്‌ക് ധരിക്കാത്തതിനു രണ്ടാമതും പിടികൂടിയാൽ നിർബന്ധിത ക്വാറന്റൈനിൽ ആക്കുമെന്നും കമ്മിഷണർ അറിയിച്ചു.
അതീവ നിയന്ത്രിതമേഖലയായ പൂന്തുറ, മാണിക്യവിളാകം, പുത്തൻപള്ളി, ബീമാപള്ളി പ്രദേശങ്ങളിലേക്ക് കടന്നുവരുന്ന എല്ലാറോഡുകളും അടച്ചുകൊണ്ടുള്ള ശക്തമായ പരിശോധനയാണ് നടത്തുന്നത്. പുറത്തു നിന്നും ആളുകൾ എത്തുന്നത് കർക്കശമായി തടയും. പുറത്തേക്കു പോകാനും ആരെയും അനുവദിക്കില്ല. കടൽമാർഗം ആളുകൾ എത്തുന്നത് തടയാൻ കോസ്റ്റൽ പൊലീസ് നിരീക്ഷണം ശക്തമാക്കി.